​മോദി സർക്കാർ ജനാധിപത്യമൂല്യങ്ങൾ ചവറ്റുകുട്ടയിലെറിയുന്നു; പ്രതിപക്ഷ എം.പിമാരുടെ സസ്​പെൻഷനെതിരെ മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ ജനാധിപത്യ മൂല്യങ്ങളെ ചവറ്റുകുട്ടയിലെറിയുകയാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ​പാർലമെന്റിലെ ശീതകാല സമ്മേളനം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, 92 പ്രതിപക്ഷ എം.പിമാരെ സസ്​പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റിലെ സുരക്ഷ വീഴ്ചയെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ പ്ലക്കാർഡുകളുമേന്തി പ്രതിഷേധിച്ചതിനാണ് നടപടി.

എം.പിമാരെ സസ്​പെൻഡ് ചെയ്തതോടെ പ്രതിപക്ഷത്തിന്റെ പരിശോധനയും വിയോജിപ്പും കൂടാതെ കേന്ദ്ര സർക്കാരിന് നിർണായക നിയമങ്ങൾ ഇനി 'ബുൾഡോസ്' ചെയ്യാമെന്നും ഖാർഗെ തുറന്നടിച്ചു. ''ആദ്യം നുഴഞ്ഞുകയറ്റക്കാർ പാർലമെന്റിൽ അതിക്രമം നടത്തി. അതിനു ശേഷം ഏമോദി സർക്കാർ പാർലമെന്റിനെയും ജനാധിപത്യത്തെയും തകർത്തു. പ്രതിപക്ഷ എം.പിമാരെ സസ്​പെൻഡ് ചെയ്യുക വഴി എല്ലാ ജനാധിപത്യ മൂല്യങ്ങളും ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ് ഏകാധിപത്യ സർക്കാർ.''-ഖാർഗെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

ഞങ്ങൾക്ക് ലളിതവും സത്യസന്ധവുമായ രണ്ട് ആവശ്യങ്ങളാണുണ്ടായിരുന്നത്. ഒന്നാമത്തേത്, പാർലമെന്റിലെ സുരക്ഷ വീഴ്ചയെ കുറിച്ച് ഇരുസഭകളിലും അമിത് ഷാ പ്രസ്താവന നടത്തുക. രണ്ടാമത്തേത്, ഇതേ സംഭവത്തിൽ വിശദമായി ചർച്ച നടത്തുക. പ്രധാനമന്ത്രി ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക് അഭിമുഖം നൽകി. ആഭ്യന്തരമന്ത്രി ടി.വി ചാനലുകൾക്ക് അഭിമുഖങ്ങൾ നൽകി. എന്നാൽ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന പാർലമെന്റിൽ ഒരക്ഷരം മിണ്ടാൻ ഇരുവരും തയാറായില്ല.-ഖാർഗെ ആരോപിച്ചു.

പ്രതിപക്ഷമില്ലാതെ, പ്രതിഷേധമില്ലാതെ, ചർച്ചയില്ലാതെ മോദിസർക്കാരിന് ഇനി കെട്ടിക്കിടക്കുന്ന എല്ലാ നിയമങ്ങളും പാസാക്കാം. പാർലമെന്റ് നടത്തിക്കൊണ്ടുപോകാനുള്ള യാതൊരു ഉദ്ദേശ്യവും മോദിസർക്കാരിന് ഇല്ലെന്നാണ് ഇതുകൊണ്ട് മനസിലാകുന്നത്. -ഖാർഗെ പറഞ്ഞു.

Tags:    
News Summary - Mallikarjun Kharge calls out 'Opposition less' Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.