ഇനി ഖാർഗെയുടെ 'കൈ'കളിൽ; കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രവർത്തക സമിതി അംഗങ്ങൾ, എ.ഐ.സി.സി ഭാരവാഹികൾ, പി.സി.സി പ്രസിഡന്‍റുമാർ തുടങ്ങിയവർ പങ്കെടുത്തു.

രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് ഖാർഗെ ചടങ്ങിനെത്തിയത്. എ.ഐ.സി.സി മന്ദിര വളപ്പിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രി പുതിയ പ്രസിഡന്‍റിന് തെരഞ്ഞെടുപ്പു സാക്ഷ്യപത്രം കൈമാറി. സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് സോണിയ പുതിയ പ്രസിഡന്‍റിനെ കസേരയിലേക്ക് ആനയിച്ചു.

24 വർഷത്തിനു ശേഷമാണ് കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാൾ വരുന്നത്. 1998ൽ സോണിയ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനമേറ്റ സ്ഥിതിയേക്കാൾ പാർട്ടിയുടെ നില മോശമായ അന്തരീക്ഷത്തിലാണ് 80കാരനായ ഖാർഗെ പദവി ഏറ്റെടുക്കുന്നത്.

പ്രവർത്തക സമിതി തെരഞ്ഞെടുപ്പ്, എ.ഐ.സി.സി പ്ലീനറി, ഹിമാചൽ-ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പുകൾ എന്നിവ അദ്ദേഹത്തിന് മുന്നിലെ ആദ്യ കടമ്പകളാണ്. ഭാരത് ജോഡോ യാത്ര നയിച്ചുവരുന്ന രാഹുൽ ഗാന്ധി ദീപാവലിയും പുതിയ പ്രസിഡന്‍റ് ചുമതലയേൽക്കുന്ന ചടങ്ങും പ്രമാണിച്ച് മൂന്നുദിവസം പദയാത്ര നിർത്തിവെച്ചിരിക്കുകയാണ്.

കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ്, വി.പി. സജീന്ദ്രൻ, എം.എം. നസീർ, ജയ്സൺ ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തി.

Tags:    
News Summary - Mallikarjun Kharge Takes Charge Of Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.