ചെന്നൈ: കണ്ണൂർ സ്വദേശിനിയായ പി.ടി. ആശ ഉൾപ്പെടെ മദ്രാസ് ഹൈകോടതിയിൽ ഒമ്പതു ജഡ്ജിമാരെ നിയമിക്കാനുള്ള ശിപാർശക്കു സുപ്രീംകോടതി കൊളീജിയം അംഗീകാരം നൽകി. ഇതോടെ മദ്രാസ് ഹൈകോടതിയിലെ സിറ്റിങ് ജഡ്ജിമാരുടെ എണ്ണം 69 ആയി. ഹൈകോടതിയിൽ ആകെ 75 ജഡ്ജിമാരുടെ തസ്തികയാണുള്ളത്.
കണ്ണൂർ പഴയങ്ങാടി തൂണോലിയിൽ പരേതനായ അച്യുതൻ നായർ - പുത്തലത്ത് രാധ ദമ്പതികളുടെ മകളായ ആശ ജനിച്ചു വളർന്നതു മദ്രാസിലാണ്. 1988-ൽ മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം നേടി. 1989-ൽ അഭിഭാഷകയായി എൻറോൾ ചെയ്തു. രാജ്യത്ത് അഞ്ചുവർഷം നിയമബിരുദ പഠനം പൂർത്തിയാക്കിയ ആദ്യ ബാച്ചുകാരിലൊരാളാണ്.
സർവഭൗമൻ അസോസിയേറ്റ്സിലെ പങ്കാളിയായ ആശ മദ്രാസ് ഹൈകോടതിയിൽ പ്രാക്ടിസ് ചെയ്തുവരുന്നു. 2014-ൽ നടന്ന കോൺഫെഡറേഷൻ ഒാഫ് തമിഴ്നാട് മലയാളി അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പിൽ കോടതി നിയമിച്ച തെരഞ്ഞെടുപ്പ് ഓഫിസറായിരുന്നു. കഴിഞ്ഞ ഡിസംബറിൽ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന സഞ്ജയ് കൗൾ സമർപ്പിച്ച പട്ടികക്കാണു കൊളീജിയം അനുമതി നൽകിയിരിക്കുന്നത്. കേന്ദ്ര നിയമ മന്ത്രാലയത്തിെൻറ അംഗീകാരം കൂടി ലഭിച്ചശേഷം ഇവരുടെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിക്കും.
ആശക്കു പുറമെ, മദ്രാസ് ഹൈകോടതിയിലെ പബ്ലിക് പ്രോസിക്യുട്ട് ഇൻചാർജ് സി. ഇമാലിയാസ്, എം. നിർമൽ കുമാർ, സുപ്രീം കോടതിയിലെ അഡീ. അഡ്വക്കറ്റ് ജനറൽ സുബ്രഹ്മണ്യം പ്രസാദ്, സെന്തിൽ കുമാർ രാമമൂർത്തി, എൻ. ആനന്ദ് വെങ്കടേഷ്, ജി.കെ. ഇളന്തിരയ്യൻ, കൃഷ്ണൻ രാമസ്വാമി, സി. ശരവൺ എന്നിവരുടെ നിയമനത്തിനാണു കൊളീജിയം അംഗീകാരം നൽകിയത്. പി.ടി. ആശ കൂടി ചുമതലയേൽക്കുന്നതോടെ ഹൈകോടതിയിൽ വനിത ജഡ്ജിമാരുടെ എണ്ണം 12ആയി ഉയരും.
വനിത ജഡ്ജിമാരുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് ഒന്നര നൂറ്റാണ്ടിെൻറ ചരിത്രമുള്ള മദ്രാസ് ഹൈകോടതി. ചീഫ് ജസ്റ്റിസും (ഇന്ദിരാ ബാനർജി) വനിതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.