കൊൽകത്ത: ഉത്തർപ്രദേശിലെ ഹാഥറസിൽ 19കാരിയായ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പി സർക്കാറുകളുടെ ദലിത് പീഡനങ്ങൾ ഇപ്പോൾ പരസ്യമായ രഹസ്യമായെന്നും ബി.ജെ.പിയുടെ ദലിത് വിരുദ്ധ ആശയങ്ങൾ ഇന്നത്തെക്കാലത്തും ജാതി അധിഷ്ഠിത പീഡനങ്ങൾക്ക് നിർബന്ധിക്കുന്നുവെന്നും മമത പറഞ്ഞു.
ദലിതരുടെ പ്രയാസങ്ങൾ ബി.ജെ.പിയെയും അവരുടെ നേതാക്കളെയും സമാധാനപരമായി വിശ്രമിക്കാൻ അനുവദിക്കുകയില്ലെന്നും മമത കൂട്ടിച്ചേർത്തു.
ഹാഥറസ് സംഭവത്തിൽ പ്രതിഷേധവുമായി മമത കൊൽക്കത്തയിൽ മാർച്ച് സംഘടിപ്പിച്ചിരുന്നു.കോവിഡിനേക്കാൾ വലിയ മഹാമാരിയാണ് ബി.ജെ.പിയെന്ന് മമത പ്രസംഗത്തിനിടെ പരിഹസിച്ചിരുന്നു.
കൊൽക്കത്തിയിലെ ബിർല പ്ലാനറ്റേറിയത്തിൽ നിന്ന് തുടങ്ങിയ മാർച്ച് മൂന്നുകിലോമീറ്റർ അകലെ സെൻട്രൽ കൊൽക്കത്തിയിലെ ഗാന്ധി പ്രതിമക്ക് സമീപത്താണ് സമാപിച്ചത്. വൈകുന്നേരം നാലുമണിയോടെ തുടങ്ങിയ മാർച്ചിൽ നൂറുകണക്കിന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.
ഹാഥ്റസ് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിന് തൃണമൂൽ കോൺഗ്രസ് നേതാക്കളെ വിലക്കിയതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. വെള്ളിയാഴ്ച ഹാഥറസിലെത്തിയ തൃണമൂൽ കോൺഗ്രസ് പ്രതിനിധി സംഘത്തിലുണ്ടായിരുന്ന എം.പിമാരായ ഡെറിക് ഒബ്രിയാൻ, ഡോ. കകോലി ഘോഷ്, പ്രതിമ മൊണ്ഡാൽ തുടങ്ങിയവരെയാണ് തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.