ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാണിക്കാതെ പരമാവധി എം.പിമാരെ ജയിപ്പിച്ചെടുക്കും വിധം എത്രയും വേഗം സീറ്റുവിഭജനം പൂർത്തിയാക്കാൻ പ്രതിപക്ഷ ഇൻഡ്യ സഖ്യം തീരുമാനിച്ചു. സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മല്ലികാർജുൻ ഖാർഗെയുടെ പേര് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും യോഗത്തിൽ നിർദേശിച്ചെങ്കിലും അദ്ദേഹം അംഗീകരിച്ചില്ല. എം.പിമാരെ ജയിപ്പിച്ചെടുക്കുകയാണ് ഇൻഡ്യ സഖ്യത്തിന്റെ മുന്നിലുള്ള പ്രഥമ ലക്ഷ്യമെന്നും അവരാണ് പ്രധാനമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും ഖാർഗെ വ്യക്തമാക്കി.
പരമാവധി എം.പിമാരെ ജയിപ്പിച്ച് 2024ലെ പൊതു തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുകയാണ് പ്രഥമ ലക്ഷ്യമെന്നും പ്രധാനമന്ത്രി ആരെന്ന് അതിനുശേഷം എം.പിമാർ തീരുമാനിക്കുമെന്നും യോഗതീരുമാനങ്ങൾ വിശദീകരിച്ച ഖാർഗെ പറഞ്ഞു.
മമതാ ബാനർജിയും കെജ്രിവാളും പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഖാർഗെയെ നിർദേശിച്ചതിനെക്കുറിച്ച് ചോദിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം ഇൻഡ്യ സഖ്യം ജയിച്ചുവരികയാണ് വേണ്ടതെന്ന് ഖാർഗെ വിശദീകരിച്ചു. ആരെ പ്രധാനമന്ത്രിയാക്കുമെന്നത് പിന്നീടുള്ള കാര്യമാണ്. എം.പിമാർ എണ്ണം തികച്ചില്ലെങ്കിൽ പിന്നെ പ്രധാനമന്ത്രിയുടെ കാര്യം പറഞ്ഞിട്ടെന്താണ് കാര്യം? എം.പിമാരുടെ എണ്ണം കൂട്ടാനായി എല്ലാവരും ഒരുമിച്ചുനിന്ന് പോരാടി ഭൂരിപക്ഷം നേടാൻ സഖ്യം പരിശ്രമിക്കുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.