കൊൽക്കത്ത: പരിക്കേറ്റ കാലുമായി പോരാട്ടഭൂമിയിൽ തിരിച്ചെത്തി ദീദി. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നന്ദിഗ്രാമിൽ എത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി ക്ഷേത്ര സന്ദർശനത്തിനിടെ കാലിന് പരിക്കേറ്റ് നാലു ദിവസത്തെ വിശ്രമത്തിനു ശേഷമാണ് പ്രചാരണരംഗത്ത് തിരിച്ചെത്തിയത്.
നന്ദിഗ്രാം പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട കർഷകരുടെ ഓർമദിവസമായ 'നന്ദിഗ്രാം ദിവസ്' ആചരിക്കുന്നതിെൻറ ഭാഗമായി പാർട്ടി കൊൽക്കത്തയിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ ചക്രക്കസേരയിലാണ് മമത പങ്കെടുത്തത്. 'മുറിവേറ്റ കടുവ കൂടുതൽ അപകടകാരിയാണെ'ന്ന് പ്രഖ്യാപിച്ച അവർ അഞ്ചു കിലോമീറ്റർ ദൂരം ചക്രക്കസേരയിൽ കൂപ്പുകൈയുമായി ജനങ്ങളെ അഭിവാദ്യം ചെയ്തു. 2007ൽ നന്ദിഗ്രാമിൽ ഭൂമി ഏറ്റെടുക്കലിനെതിരെ തൃണമൂലിെൻറ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിൽ 14 ഗ്രാമീണർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. ബംഗാൾ വിരുദ്ധ ശക്തികൾക്കെതിരായ പോരാട്ടത്തിലൂടെയാണ് നന്ദിഗ്രാമിലെ രക്തസാക്ഷികൾക്ക് ആദരമർപ്പിക്കേണ്ടതെന്നും മമത പറഞ്ഞു.
തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ അനുയായി സുവേന്ദു അധികാരിക്കെതിെര നന്ദിഗ്രാമിൽ തന്നെ മത്സരിക്കാനുള്ള ധീരമായ നിലപാട് എടുത്ത ദീദി, പ്രചാരണങ്ങളിൽ പരാജയപ്പെട്ട എതിരാളികൾ തന്നെ നിശ്ശബ്ദയാക്കാനാണ് ആക്രമണത്തിലൂടെ ശ്രമിച്ചതെന്നും ആരോപിച്ചു. ''ചക്രക്കസേരയിൽ ഇരുന്നുകൊണ്ടുതെന മുഴുവൻ പാർട്ടി സ്ഥാനാർഥികൾക്കു വേണ്ടി പ്രചാരണത്തിനെത്തും. കർഷകർ ബംഗാളിെൻറ അഭിമാനമാണ്. അവർക്കുവേണ്ടിയാണ് സർക്കാർ പ്രവർത്തിച്ചത്. നന്ദിഗ്രാമിൽ ജീവൻ ബലിയർപ്പിച്ച കർഷകരെ ഓർക്കാൻ മാർച്ച് 14 നാം ആചരിക്കുന്നു'' -മമത പ്രസ്താവിച്ചു.
താൻ ജീവിതത്തിൽ ഒട്ടേറെ ആക്രമണങ്ങൾ അതിജീവിച്ചുവെങ്കിലും ആർക്കു മുന്നിലും കീഴടങ്ങിയില്ലെന്നും അവർ പറഞ്ഞു. ''ഒരിക്കലും ഞാൻ തല കുനിക്കില്ല. മുറിവേറ്റ കടുവയാണ് കൂടുതൽ അപകടകാരി.'' -മമത മുന്നറിയിപ്പു നൽകി.
മാർച്ച് 10ന് നാമനിർദേശപത്രിക സമർപ്പിച്ച ശേഷം ഉണ്ടായ അനിഷ്ടസംഭവത്തിൽ മമതയുടെ കാലിനും തലക്കും നെഞ്ചിനും പരിക്കേൽക്കുകയായിരുന്നു. മമതയുടെ ജീവനെടുക്കാൻ ബി.ജെ.പി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഫലമാണ് ആക്രമണമെന്നാണ് തൃണമൂൽ ആേരാപിച്ചത്. അതേസമയം, ആക്രമണ വാദം തള്ളിയ തെരഞ്ഞെടുപ്പു കമീഷൻ, സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് അനിഷ്ടസംഭവങ്ങൾക്ക് കാരണമായതെന്നാണ് പറയുന്നത്. ഇതിനിടെ, പ്രകടനപത്രിക പുറത്തിറക്കുന്ന തീയതി മൂന്നാംതവണയും തൃണമൂൽ നീട്ടിവെച്ചു.
ന്യൂഡൽഹി: ആസൂത്രിത അക്രമത്തിെൻറ ഫലമായാണ് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജിക്ക് പരിക്കേറ്റതെന്ന വാദം തള്ളി തെരഞ്ഞെടുപ്പ് കമീഷൻ. സുരക്ഷാപാളിച്ചയാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്ന് ബംഗാളിൽനിന്നുള്ള പ്രത്യേക നിരീക്ഷകരുടെ റിപ്പോർട്ടിെൻറ വെളിച്ചത്തിൽ നിഗമനത്തിലെത്തിയ കമീഷൻ അതിനനുസൃതമായ നിർദേശം പുറത്തിറക്കുമെന്നും വ്യക്തമാക്കി.
താരപ്രചാരകയായിട്ടും കവചിതവാഹനമോ ബുള്ളറ്റ് പ്രൂഫ് കാറോ മമതക്ക് ഒരുക്കാത്തത് സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥെൻറ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. നന്ദിഗ്രാമിൽ അപകടം നടന്ന ഘട്ടത്തിൽ മമത സാധാരണ കാറിൽ സഞ്ചരിക്കവെ സുരക്ഷാ ഡയറക്ടർ വിവേക് സഹായ് ബുള്ളറ്റ് പ്രൂഫ് വാഹനത്തിലായിരുന്നുവെന്നും നിരീക്ഷകരായ അജയ് നായക്, വിവേദ് ദുബൈ എന്നിവർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
സന്ദർശനവേളയിൽ മേഖലയിലെ റിട്ടേണിങ് ഓഫിസറുടെ അനുമതി തേടിയിരുന്നില്ല. അതിനാൽ വിഡിയോ ഗ്രാഫർമാരെയോ ഫ്ലയിങ് സ്ക്വാഡിനെയോ നിയോഗിക്കാനും കഴിഞ്ഞില്ല. ആക്രമികൾ തന്നെ തള്ളിയിട്ടുവെന്നായിരുന്നു മമതയുടെ ആരോപണം. ഇടതുകാലിനും ഇടുപ്പിനും പരിക്കുപറ്റിയ മുഖ്യമന്ത്രി വീൽചെയറിലിരുന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.