ആർ.എസ്.എസ് അത്ര മോശമായിരുന്നില്ല പണ്ട്; സംഘപരിവാറിനെ വെള്ളപൂശിയ മമതക്കെതിരെ ഉവൈസി

കൊൽക്കത്ത: ആർ.എസ്.എസിനെ ന്യായീകരിച്ച് സംസാരിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ(എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീൻ ഉവൈസി. നേരത്തേ ആർ.എസ്.എസ് അത്ര മോശമായിരുന്നില്ല എന്ന് മമത പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ''കുറെ നല്ല മനുഷ്യർ ആർ.എസ്.എസിലുണ്ട്, അവരാരും ബി.ജെ.പിയെ പിന്തുണക്കുന്നില്ല. ഒരു ദിവസം അവരെല്ലാം മൗനം വെടിയുമെന്നാണ് കരുതുന്നത്''-എന്നായിരുന്നു മമതയുടെ പരാമർശം.

2003ൽ ആർ.എസ്.എസ് പരിപാടിയിൽ പ​ങ്കെടുത്ത മമത അവരെ പുകഴ്ത്തിപ്പറഞ്ഞ കാര്യം ഉവൈസി ഓർത്തെടുത്തു. മുസ്‍ലിം വിരുദ്ധത നിറഞ്ഞുനിൽക്കുന്നതാണ് ആർ.എസ്.എസ്. 2003ൽ മമത ആർ.എസ്.എസിനെ ദേശസ്നേഹികൾ എന്നാണ് വിളിച്ചത്. ആർ.എസ്.എസ് അവരെ ദുർഗയെന്നും വിശേഷിപ്പിക്കുകയുണ്ടായി.

ഹിന്ദു രാഷ്ട്രത്തിന്റെ വക്താവാണ് ആർ.എസ്.എസ്. മുസ്‍ലിംവിരുദ്ധത നിറഞ്ഞ കുറ്റകൃത്യങ്ങളാണ് അവരുടെ ചരിത്രം മുഴുവനും നിറഞ്ഞുനിൽക്കുന്നത്. ബി.ജെ.പിയുടെ ഗുജറാത്ത് വംശഹത്യയെയും മമത ന്യായീകരിച്ചിരുന്നു. ​തൃണമൂൽ കോൺഗ്രസിലെ മുസ്‍ലിം മുഖങ്ങൾ സത്യസന്ധതക്കും സ്ഥിരതക്കും അവരെ പ്രകീർത്തിക്കുമെന്നു തന്നെ കരുതട്ടെ എന്നായിരുന്നു ഉവൈസിയുടെ ട്വീറ്റ്.

2003 സെപ്റ്റംബറിൽ എൻ.ഡി.എ സർക്കാരിൽ കേന്ദ്രമന്ത്രിയായി തിരിച്ചെത്തിയപ്പോൾ, പശ്ചിമബംഗാളിലെ കമ്മ്യൂണിസ്റ്റ് തീവ്രവാദികളോട് പോരാടാൻ മമത ബാനർജി ആർ.എസ്.എസിന്റെ സഹായം തേടിയിരുന്നു. മുതിർന്ന ആർ.എസ്.എസ് നേതാക്കളായ മോഹൻ ഭഗവത്, മദൻ ദാസ് ദേവി എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പ​ങ്കെടുത്ത പുസ്തക പ്രകാശന പരിപാടിയിലായിരുന്നു മമതയുടെ സഹായാഭ്യർഥന.​''നിങ്ങൾ ഒരു ശതമാനം പിന്തുണ നൽകിയാൽ കമ്മ്യൂണിസ്റ്റ് തീവ്രവാദികൾക്കെതിരൊ പോരാടാൻ ഞങ്ങൾക്കു സാധിക്കും''-എന്നാണ് മമത പറഞ്ഞത്.

​''ഞാൻ ഒരുപാട് ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. ചിലരുമായി നേരിട്ട് കണ്ടിട്ടുണ്ട്. നിങ്ങൾ യഥാർഥ ദേശസ്നേഹികളാണ്. നിങ്ങളെ ഭാരതത്തെ സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം. രാജ്യത്തിന്റെ വളരെ ചെറിയ ഉൾപ്രദേശങ്ങൾ പോലും നിങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. ''-എന്നും മമത കൂട്ടിച്ചേർത്തു.

Tags:    
News Summary - Mamata's RSS not that bad remark prompts sharp jibe from Owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.