ബാലിക വീണ കിണർ. കുട്ടിയുടെ ചെരുപ്പും കാണാം

തുറന്നുകിടന്ന കുഴൽകിണറിലേക്ക്​ എടുത്തുചാടി ബാലികയെ രക്ഷിച്ച്​ യുവാവ്​, അഭിനന്ദനങ്ങൾക്ക് നടുവിൽ സൂര്യവംശി

മുംബൈ: മുറ്റത്ത്​ കളിച്ചുകൊണ്ടിരുന്ന ബാലിക തുറന്നുകിടന്ന ആ കുഴൽക്കിണറിനുള്ളിലേക്ക്​ വീഴുന്നത്​ പൊടുന്നനെയാണ്​ സൂര്യവംശിയുടെ ശ്രദ്ധയിൽപെട്ടത്​. പിന്നെ ഒന്നും ചിന്തിച്ചില്ല. കാലിലെ ഷൂ പോലും അഴിച്ചുമാറ്റാൻ നിൽക്കാതെ ആ യുവാവ്​ ഒരാൾക്ക്​ ഇറങ്ങാൻ മാത്രം വിസ്​താരമുള്ള കിണറിലേക്ക്​ എടുത്തുചാടി. പന്ത്രണ്ടടി ആഴമുള്ള കിണറ്റിൽ മുങ്ങിപ്പോയ എട്ടുവയസ്സുകാരിയെ രക്ഷിച്ച്​ സൂര്യവംശി ലോഖണഡ്​വാലയിലെ അപ്​നാ ഘർ സൊസൈറ്റി അഞ്ചാം നമ്പർ യൂനിറ്റിലെ മുഴുവൻ താമസക്കാരുടെയും അഭിനന്ദനങ്ങൾക്ക്​ പാത്രമായി.


ഡ്രൈവറായി ജോലി ചെയ്യുന്ന സൂര്യവംശി വൈകീട്ട്​ വാഹനം പാർക്​ ചെയ്യാൻ സൊസൈറ്റി ഓഫിസിനടുത്തെത്തിയപ്പോ​​ഴാണ്​ സംഭവം. 'ആറുമണി കഴിഞ്ഞതേയുള്ളൂ. കാർ നിർത്തി മടങ്ങാനൊരുങ്ങുകയായിരുന്നു ഞാൻ. അപ്പോഴാണ്​ കുട്ടികൾ കളിച്ചിരുന്ന പന്ത്​ സൊസൈറ്റി ഓഫിസിന്‍റെ മുകളിൽ കുടുങ്ങിയത്​. ഇതെടുക്കാൻ വാച്ച്​മാൻ മേൽക്കൂരക്ക്​ മുകളിൽ കയറി. അദ്ദേഹം എടുത്തുകൊടുത്ത പന്ത്​ വീണത്​ ആ കിണറിനു മുകളിലെ കട്ടിയില്ലാത്ത മൂടിയിലായിരുന്നു. പെൺകുട്ടി അതെടുക്കാൻ ശ്രമിച്ചതും മൂടി തകർന്ന്​ അവൾ കിണറിലേക്ക്​ വീണു.


അതോടെ, പുറത്തുണ്ടായിരുന്ന ബാഗ്​ മാറ്റിവെച്ച്​ ഷൂ പോലും മാറ്റാൻ നിൽക്കാതെ ഞാൻ കിണറിലേക്ക്​ ചാടുകയായിരുന്നു. കാൽകൊണ്ട്​ ആ കുഞ്ഞ്​ എവിടെയാണെന്ന്​ തിരഞ്ഞു. എന്‍റെ കാൽ ദേഹത്ത്​ തട്ടിയ നിമിഷംതന്നെ അവളെ വെള്ളത്തിൽനിന്ന്​ പൊക്കിയെടുത്തു. കിണറിലെ പൈപ്പിൽപിടിച്ചുനിന്ന്​ ആ കുഞ്ഞിനെ പുറത്തെത്തിക്കുകയായിരുന്നു.' -സൂര്യവംശി പറഞ്ഞു. എന്നാൽ, സംഭവത്തിനുപിന്നാലെ സുരക്ഷയെച്ചൊല്ലി സൊസൈറ്റിയിൽ കടുത്ത അഭിപ്രായഭിന്നയതകൾ ഉടലെടുത്തിരിക്കുകയാണ്​. തുറന്നുകിടന്ന കിണർ കഴിഞ്ഞ ദിവസം അടച്ചിട്ടുണ്ട്​. 

Tags:    
News Summary - Man Dives Into Borewell, Saves 8-Year-Old Girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.