മുംബൈ: എട്ടുമാസമായി ഹോട്ടലിൽ രണ്ടുമുറികൾ വാടകക്കെടുത്ത് താമസിച്ച ശേഷം 25ലക്ഷം രൂപയുടെ ബിൽ നൽകാതെ 43കാരൻ കടന്നുകളഞ്ഞു. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം.
ഹോട്ടലിൽ സമർപ്പിച്ച രേഖകൾ പ്രകാരം മുരളി കാമത്ത് എന്നാണ് 43കാരന്‍റെ പേര്. അന്ധേരി സ്വദേശിയാണ് ഇയാൾ.
എട്ടുമാസം മുമ്പ് നവംബർ 23ന് ഇയാൾ 12കാരനായ മകനൊപ്പം ഹോട്ടൽ ത്രീ സ്റ്റാറിൽ മുറിയെടുക്കുകയായിരുന്നു. താൻ സിനിമാ മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും രണ്ടു സൂപ്പർ ഡീലക്സ് മുറികൾ വേണമെന്നുമായിരുന്നു ആവശ്യം. ഒരു മുറി താമസിക്കുന്നതിനും രണ്ടാമത്തെ മുറി ഓഫിസ് ആവശ്യങ്ങൾക്കാണെന്നും ഇയാൾ ഹോട്ടൽ അധികൃതരെ ധരിപ്പിച്ചു.
ഒരു മാസത്തിന് ശേഷം മുൻകൂർ തുക നൽകാമെന്നായിരുന്നു വാഗ്ദാനം. തുടർന്ന് പാസ്പോർട്ട് ഹോട്ടലിൽ സമർപ്പിക്കുകയും ചെയ്തു. എന്നാൽ, 2021 മേയ് ആയിട്ടും പണം നൽകാൻ ഇയാൾ തയാറായില്ല. ഹോട്ടൽ ജീവനക്കാർ ചോദിച്ചപ്പോൾ ന്യായങ്ങൾ നിരത്തി ഒഴിഞ്ഞുമാറുകയായിരുന്നു. 25ലക്ഷം രൂപയാണ് എട്ടുമാസത്തെ ഹോട്ടൽ ബിൽ.
ജൂലൈ 17ന് കാമത്തിനെയും മകനെയും കാണാതാകുകയായിരുന്നു. ബാത്ത്റൂമിന്റെ ജനൽ വഴിയാണ് കാമത്തും കുട്ടിയും രക്ഷെപ്പട്ടതെന്ന് ഹോട്ടൽ അധികൃതർ പറയുന്നു.
ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും മുറിയിൽ ഉപേക്ഷിച്ചിരുന്നു. തുടർന്ന് ശനിയാഴ്ച ഹോട്ടൽ അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.