ചെന്നൈ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ നാഷനൽ കോൺഫറൻസിനെയും കോൺഗ്രസിനെയും അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇത് ഇൻഡ്യയുടെയും ജനാധിപത്യത്തിന്‍റെയും വിജയം എന്നതിലുപരി, കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ എടുത്തുകളഞ്ഞ ജമ്മു കശ്മീരിന്‍റെ അന്തസ്സും സംസ്ഥാന പദവിയും പുനഃസ്ഥാപിക്കുന്നത്തിനുള്ള നിയോഗമാണ് -സ്റ്റാലിൻ എക്‌സിൽ കുറിച്ചു.
90 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടിയ നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം കേവല ഭൂരിപക്ഷം നേടിയിരുന്നു. 42 സീറ്റുകൾ നാഷണൽ കോൺഫറൻസും ആറ് സീറ്റുകൾ കോൺഗ്രസുമാണ് നേടിയത്. ഇൻഡ്യ സഖ്യത്തിന്‍റെ ഭാഗമായ സി.പി.എം ഒരിടത്തും ജയിച്ചു. 90 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
ജമ്മു മേഖലയിൽ തിളങ്ങിയ ബി.ജെ.പിക്ക് 29 സീറ്റുണ്ട്. മുൻ ഭരണകക്ഷിയായ പി.ഡി.പി മൂന്ന് സീറ്റിലൊതുങ്ങി. ചെറുകക്ഷികളുടെ സ്വതന്ത്രർ ഏഴ് സീറ്റുമായി മുഖ്യധാരാ പാർട്ടികളെ തറപറ്റിച്ചു. ജമ്മു-കശ്മീർ പീപ്ൾസ് കോൺഫറൻസിനും ആം ആദ്മി പാർട്ടിക്കും ഒരു സീറ്റ് നേടാനാനായി. ആം ആദ്മി പാർട്ടി ആദ്യമായാണ് കശ്മീരിൽ വെന്നിക്കൊടി പാറിക്കുന്നത്. നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല ജമ്മു-കശ്മീരിൽ മുഖ്യമന്ത്രിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.