ഹൈദരബാദ്: തെലങ്കാനയിലെ നിരവധി ക്ഷേത്രങ്ങൾ തകർത്ത് അവിടെ മുസ്ലിം പള്ളികൾ നിർമിക്കുന്നുവെന്ന ആരോപണവുമായി തെലങ്കാന ബി.ജെ.പി അധ്യക്ഷൻ ബന്ദി സഞ്ജയ്. സംസ്ഥാനത്തെ ദുഷ്ട ശക്തികളിൽ നിന്നും മോചിപ്പിച്ച് രാമരാജ്യം പണിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മേയ് 25ന് കരിംനഗറിൽ ഹിന്ദു ഏകതാ യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെലങ്കാനയിലെ മുസ്ലിം ഭരണാധികാരികൾ നിരവധി ക്ഷേത്രങ്ങൾ തകർക്കുകയും അവിടെ പള്ളികൾ നിർമിക്കുകയും ചെയ്തു. പള്ളികൾ കുഴിച്ച് പരിശോധിച്ചാൽ ശിവലിംഗങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ടെന്നും ബന്ദി പറഞ്ഞു.
തെലങ്കാനയിലെ എല്ലാ പള്ളികളും കുഴിച്ച് പരിശോധിക്കാൻ അസദുദ്ദീൻ ഉവൈസിയെ ഞാൻ വെല്ലുവിളിക്കുകയാണ്. അസ്ഥികൂടങ്ങൾ കണ്ടെത്തുകയാണെങ്കിൽ പള്ളികൾ ഞങ്ങൾ വിട്ട് തരാം. മറിച്ച് ശിവലിംഗങ്ങൾ കണ്ടെത്തുകയാണെങ്കിൽ സ്ഥലം ഞങ്ങൾ ഏറ്റെടുക്കും. ഉവൈസി ഇതിന് തയാറാണോയെന്നും ബന്ദി ചോദിച്ചു.
സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിൽ വന്നാൽ എല്ലാ മദ്രസകളും നിർത്തലാക്കുമെന്നും ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന സംവരണം എടുത്തുകളയുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നോക്ക ജാതി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് അധിക ക്വാട്ട നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രണ്ടാമത്തെ ഔദ്യോഗിക ഭാഷയിൽ നിന്ന് ഉറുദു നീക്കം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ കപട മതേതര ശക്തികൾക്കെതിരെ പോരാടുമെന്നും 15 ശതമാനം മുസ്ലിം വോട്ടുകൾക്ക് വേണ്ടി ഔറംഗസേബിനെ ആരാധിക്കുന്ന വർഗീയ ഘടകങ്ങളുമായി കൈകോർക്കുന്നവരെ പാഠം പഠിപ്പിക്കുമെന്നും ബന്ദി വെല്ലുവിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.