ന്യൂഡൽഹി: രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കണമെന്ന് വനിത- ശിശുക്ഷേമ വികസന മന്ത്രി മനേക ഗാന്ധി. കാന്‍സര്‍ ചികില്‍സകളിലുള്‍പ്പെടെ ആരോഗ്യ രംഗത്ത് കഞ്ചാവിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് നിര്‍ദ്ദേശം. ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനായി ലക്ഷ്യമിടുന്ന സര്‍ക്കാരിന്‍റെ പുതിയ നയം ചര്‍ച്ചചെയ്യാന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ അദ്ധ്യക്ഷയിൽ ചേർന്ന യോഗത്തിലാണ് മനേക ഗാന്ധി ഇക്കാര്യം നിർദേശിച്ചത്. അമേരിക്കയുള്‍പ്പെടെയുള്ള വികസിത കഞ്ചാവ് നിയമവിധേയമാക്കിയ നടപടി വിജയകരമാണെന്ന് മനേക ഗാന്ധി മന്ത്രിതലസമിതിയില്‍ പറഞ്ഞു. ഇത്തരം രാജ്യങ്ങളില്‍ ലഹരി ഉപയോഗം കുറവാണെന്നും അവർ വ്യക്തമാക്കി. രാജ്യത്തെ റയില്‍വേ സ്റ്റേഷനുകള്‍ക്കു സമീപം ലഹരി വിമുക്ത കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും യോഗത്തില്‍ മനേക ഗാന്ധി ആവശ്യപ്പെട്ടു.
ജയിലുകള്‍, വ്യവസായശാലകള്‍ എന്നിവിടങ്ങളില്‍ ലഹരി വിമുക്ത കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നുതായും എന്നാല്‍ കഞ്ചാവ് നിയമ വിധേയമാക്കുന്നത് പ്രായോഗികമല്ലെന്നും സാമൂഹ്യ നീതി സെക്രട്ടറി ഡി ലതാ റാവു പറഞ്ഞു. ലഹരി വസ്തുക്കള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപം വ്യാപകമായി ലഭ്യമാണെന്നും ഇതു പരിഹരിക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി ആനന്ദ് കുമാര്‍ യോഗത്തില്‍ പറഞ്ഞു. ലഹരി ഉപയോഗം കുറയ്ക്കാനുള്ള പദ്ധതികള്‍ക്കായി 125 കോടി ചിലവഴിക്കാൻ സമിതി നിര്‍ദ്ദേശിച്ചു. ലഹരി ഉപയോഗം കുറക്കാനായുള്ള നീക്കത്തിന് മന്ത്രിതല സംഘം അംഗീകാരം നൽകി. ദുരുപയോഗം ചെയ്യപ്പെടുന്ന ആരോഗ്യരക്ഷ മരുന്നുകളുടെ ലഭ്യതയും ഉപയോഗവും നിയന്ത്രിക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.