ന്യൂഡൽഹി: വിമർശനങ്ങൾക്കിടെ, മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിശദീകരിച്ചു. കലാപം പൂർണമായി നിയന്ത്രിക്കാൻ കഴിയാത്ത ബിരേൻ സിങ് സർക്കാറിനെതിരെ വിവിധ കോണുകളിൽനിന്ന് വിമർശനം ഉയർന്നിരുന്നു.
സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും സിങ് ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. മണിപ്പൂരിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗത്തിൽ ചർച്ച ചെയ്തതായി മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം ഏതാനും സംസ്ഥാന മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. സംസ്ഥാനത്ത് വംശീയ കലാപം തുടരുന്ന സാഹചര്യത്തിൽ ഭരണകക്ഷിയായ ബി.ജെ.പിയിൽ ഉൾപ്പെട്ട പത്ത് കുക്കി എം.എൽ.എമാർ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. നാഗാ സമാധാന ചർച്ചകൾ സംസ്ഥാന സർക്കാർ തടസ്സപ്പെടുത്തുന്നതിനാൽ പങ്കെടുക്കില്ലെന്ന് നാഗാ എം.എൽ.എമാരും അറിയിച്ചിരുന്നു. ബുധനാഴ്ച പരിപാടിയിൽ സംസാരിക്കവെ, മണിപ്പൂരിലെ സ്ഥിതി ക്രമേണ മെച്ചപ്പെടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തങ്ങളുടെ പ്രഥമ പരിഗണന മലകളിലും താഴ്‌വരയിലുമുള്ള ദുരിതബാധിതരെ പുനരധിവസിപ്പിക്കുക എന്നതാണ്. എട്ട് സ്ഥലങ്ങളിൽ പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ നിർമിക്കുന്നുണ്ട്. തോക്ക് ആക്രമണം ഉണ്ടാകുമോ എന്ന ആശങ്ക ഇപ്പോൾ ഇല്ലാതായതായും സിംഗ് പറഞ്ഞു.
മെയ് മൂന്നിന് പട്ടികവർഗ (എസ്.ടി) പദവിക്കായി മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടത്. മണിപ്പൂരിലെ വംശീയ സംഘർഷങ്ങളിൽ 160ലധികം ആളുകൾ മരിക്കുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി വാഹനങ്ങളും അക്രമികൾ നശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.