ന്യൂഡൽഹി: മണിപ്പൂരിനെ ചൊല്ലി പാർലമെന്റ് സ്തംഭിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജ്യസഭയിലെ പ്രതിപക്ഷ നിലപാടിൽ മാറ്റം. വിവിധ കക്ഷി നേതാക്കളുമായി സർക്കാർ നടത്തിയ ചർച്ചയിൽ, മണിപ്പൂർ കലാപത്തിൽ ‘ചട്ടം 267’ പ്രകാരമുള്ള ചർച്ചക്ക് പകരം ‘ചട്ടം 167’ പ്രകാരം വോട്ടെടുപ്പുള്ള പ്രമേയം മതിയെന്ന് പ്രതിപക്ഷ നേതാക്കൾ നിലപാട് മാറ്റി. രാജ്യസഭയിൽ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന ആവശ്യം അവർ ആവർത്തിക്കുകയും ചെയ്തു.
ഇൻഡ്യ സഖ്യത്തിന്റെ നിലപാടിന് ഭിന്നമായി, ഘടക കക്ഷിയായ തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ, സഭാ സ്തംഭനം ഒഴിവാക്കി സമവായത്തിലെത്തി സുഗമമായി കാര്യങ്ങൾ കൊണ്ടുപോകണമെന്ന് രാവിലെ സഭയിൽ ചെയർമാനോട് ആവശ്യപ്പെട്ടതോടെയാണ് ഭിന്നത പുറത്തുവന്നത്. ഡെറികിന്റെ നിലപാട് സഭാനേതാവും കേന്ദ്ര മന്ത്രിയുമായ പീയൂഷ് ഗോയലും രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖറും സ്വാഗതം ചെയ്തു. പ്രശ്ന പരിഹാരത്തിന് കക്ഷി നേതാക്കളെ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ ഉച്ചക്ക് ഒരു മണിക്ക് തന്റെ ചേംബറിലേക്ക് വിളിക്കുകയും ചെയ്തു.
സഖ്യത്തിനുള്ളിൽ ധാരണയിലെത്താതെ സഭയിൽ ഇത്തരമൊരു ആവശ്യമുന്നയിച്ച് അഭിപ്രായ ഭിന്നത വെളിവാക്കിയ ഡെറിക് ഒബ്രിയൻ പിന്നീട് ഇൻഡ്യ കക്ഷി നേതാക്കളുടെ യോഗത്തിൽ ക്ഷമാപണം നടത്തി. ഡെറികിന്റെ നിലപാടിനോട് യോജിക്കുന്ന സമീപനമാണ് കോൺഗ്രസ് നേതാവ് ജയറാം രമേശും കൈക്കൊണ്ടതെന്നാണ് സൂചന. അതേസമയം, പ്രതിപക്ഷത്തെ ഭിന്നത കണ്ടറിഞ്ഞ് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ഓഫിസിൽ കേന്ദ്ര മന്ത്രിമാരായ പീയൂഷ് ഗോയലും പ്രഹ്ളാദ് ജോഷിയും വിവിധ കക്ഷി നേതാക്കളുമായി ചർച്ചക്കെത്തി. ഈ യോഗത്തിലാണ് പ്രതിപക്ഷം നിലപാട് മാറ്റിയത്.
ചട്ടം 167 പ്രകാരമുള്ള പ്രമേയത്തിന് സർക്കാർ സന്നദ്ധമാണെങ്കിലും പ്രമേയത്തിലെ വാചകങ്ങൾ കടുപ്പിക്കണമെന്ന് പ്രതിപക്ഷം നിലപാട് സ്വീകരിച്ചാൽ വീണ്ടും ഏറ്റുമുട്ടൽ തുടരും. പ്രധാനമന്ത്രി സഭയിൽ മറുപടി പറയണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.