മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സമാധാനം പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാറിനെതിരെ പ്രിയങ്ക ഗാന്ധി രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് രാഹുലും രംഗത്തെത്തിയത്. കലാപം 40 ദിവസം പിന്നിടുകയും നൂറിലേറെ പേർ മരിക്കുകയും ചെയ്തിട്ടും മൗനിയായി തുടരുന്ന പ്രധാനമന്ത്രി പരാജയമാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ വിദ്വേഷ പ്രചാരണമാണ് മണിപ്പൂർ കലാപത്തിന് കാരണം. കലാപം അവസാനിപ്പിക്കാൻ സർവകക്ഷി സംഘം ഉടൻ മണിപ്പൂരിലേക്ക് പോകണമെന്നും വിദ്വേഷത്തിന്റെ കട പൂട്ടി സ്നേഹത്തിന്റെ കട തുറക്കണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
മണിപ്പൂരിലെ സ്ഥിതി അതിരൂക്ഷമാണെന്നും പ്രധാനമന്ത്രി മൗനം വെടിഞ്ഞ് മണിപ്പൂർ സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കണമെന്നും കോൺഗ്രസ് വക്താവ് ജയ്റാം രമേശും ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി പോയില്ലെങ്കിൽ പിന്നെ ആരാണ് പോകുകയെന്ന് ചോദിച്ച അദ്ദേഹം, മണിപ്പൂരിനെ കുറിച്ച് പ്രധാനമന്ത്രി മൻ കി ബാത്ത് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരിൽ കേന്ദ്രത്തിന്‍റെ ഇടപെടൽ ഫലപ്രദമല്ലെന്നും സമാധാനം പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും കുറ്റപ്പെടുത്തിയ ജയ്റാം രമേശ്, കോൺഗ്രസ് പ്രതിനിധി സംഘം സന്ദർശനം നടത്തി സാഹചര്യം വിലയിരുത്തി കാര്യങ്ങൾ രാഷ്ട്രപതിയെ ധരിപ്പിച്ചെന്നും അറിയിച്ചിരുന്നു.
അതേസമയം, മണിപ്പൂരിൽ കലാപം തുടരുകയാണ്. കേന്ദ്രമന്ത്രിയുടേതടക്കം രണ്ട് വീടുകൾക്ക് തീയിട്ടു. ഇംഫാലിലെ നുചെക്കോൺ പ്രദേശത്ത് അക്രമങ്ങൾ തടയാൻ സുരക്ഷാ സേന എത്തിയപ്പോൾ സ്ത്രീകൾ അടങ്ങുന്ന സംഘം സേനയുമായി ഏറ്റുമുട്ടി. സ്ത്രീയും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ദ്രുതകർമ സേനയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ബലപ്രയോഗം നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.