ന്യൂഡൽഹി: മണിപ്പൂരിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ കലാപത്തിലേക്കുനയിച്ച, മെയ്തേയികൾക്ക് പട്ടികവർഗ സംവരണം നൽകിയ ഹൈകോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എ സുപ്രീംകോടതിയിൽ.
ഹൈകോടതി വിധി സംസ്ഥാന സർക്കാറിന്റെ അധികാര പരിധിയിലുള്ള കൈകടത്തലാണെന്ന് നിയമസഭാംഗവും ഹിൽ ഏരിയ കമ്മിറ്റി (എച്ച്.എ.സി) ചെയർമാനുമായ ദിംഗ്ലാംഗുങ് ഗാംഗ്മേയ് സമർപ്പിച്ച ഹരജിയിൽ കുറ്റപ്പെടുത്തി. വിവാദ വിധിയെ തുടർന്നാണ് ഗോത്രവർഗക്കാരും മെയ്തേയികളും തമ്മിൽ സംഘർഷം ഉടലെടുത്തതെന്നും അക്രമസാക്തമായ ഏറ്റുമുട്ടലുണ്ടായതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
ഹിന്ദുക്കളായ മെയ്തേയി സമുദായത്തെ പട്ടികവർഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്നായിരുന്നു മണിപ്പൂർ ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി. മുരളീധരന്റെ സിംഗിൾ ബെഞ്ച് വിധി. പട്ടികവർഗ പദവിയുള്ള ജനസംഖ്യയുടെ 40 ശതമാനത്തിലേറെ വരുന്ന ക്രിസ്ത്യാനികളായ ഗോത്രവർഗക്കാർ ഇതിനെതിരെ തെരുവിലിറങ്ങി.
കുക്കികളുടെ പ്രതിഷേധത്തിനെതിരെ ഹിന്ദുക്കളായ മെയ്തേയികളും രംഗത്തിറങ്ങിയതോടെ മണിപ്പൂർ കലാപഭൂമിയായി മാറുകയായിരുന്നു. ഹൈകോടതി വിധി തെറ്റാണെന്നും മെയ്തേയികൾ ഗോത്രവർഗ വിഭാഗമല്ലെന്നും അവരെ ഒരിടത്തും പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ബി.ജെ.പി എം.എൽ.എ ബോധിപ്പിച്ചു.
മെയ്തേയികളിൽ ചിലരെ പട്ടികജാതി, ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവർ ഏറെ പുരോഗതി പ്രാപിച്ചവരാണ്. ഹൈകോടതിയുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകൾ എണ്ണിപ്പറഞ്ഞാണ് ബി.ജെ.പി എം.എൽ.എയുടെ ഹരജി. പട്ടികവർഗ പദവിക്കായുള്ള മെയ്തേയികളുടെ അപേക്ഷ 10 വർഷമായി പരിഗണനയിലാണെന്ന് ഹൈകോടതി പറഞ്ഞത് തെറ്റാണ്. മെയ്തേയികളെ ഗോത്രവർഗക്കാരായി പരിഗണിച്ചതാണ് ഹൈകോടതി ചെയ്ത മറ്റൊരു തെറ്റ്.
മെയ്തേയികൾക്ക് പട്ടികവർഗ പദവി നൽകാനുള്ള ശിപാർശ കേന്ദ്ര സർക്കാറിനുമുമ്പാകെ മണിപ്പൂർ സർക്കാർ വെച്ചിട്ടില്ല. മറിച്ച് ഈ ആവശ്യമുന്നയിച്ച് ഏതാനും മെയ്തേയികൾ നിവേദനം നൽകുക മാത്രമാണ് ചെയ്തത്.
അത്തരം നിവേദനങ്ങളിന്മേൽ നടപടിയെടുക്കേണ്ട ബാധ്യത മണിപ്പൂർ സർക്കാറിനില്ല. കലാപത്തിൽ ഗോത്രവർഗക്കാരായ 19 പേർ കൊല്ലപ്പെട്ടുവെന്നും സംസ്ഥാനത്ത് ഇൻറർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണെന്നും കൂടുതൽ പേരുടെ ജീവന് ഭീഷണിയാണെന്നും ബി.ജെ.പി എം.എൽ.എ പറയുന്നു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും ജെ.ബി. പർദിവാലയുമടങ്ങുന്ന ബെഞ്ച് എം.എൽ.എയുടേതടക്കമുള്ള ഒരുകൂട്ടം ഹരജികൾ ഇന്ന് വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.