മണിപ്പൂരിൽ അക്രമമുണ്ടായ കുക്കി ഗ്രാമത്തിൽ ബി.എസ്.എഫിനെ വിന്യസിച്ചേക്കും

ന്യൂഡൽഹി: മണിപ്പൂരിൽ കഴിഞ്ഞ ദിവസം അക്രമമുണ്ടായ കുക്കി ഗ്രാമത്തിൽ ബി.എസ്.എഫിനെ വിന്യസിച്ചേക്കും. മൂന്ന് വില്ലേജ് ഗാർഡുമാർ കൊല്ലപ്പെട്ട തവായ് ഗ്രാമത്തിലായിരിക്കും ബി.എസ്.എഫിനെ വിന്യസിക്കുക. സായുധരായ അക്രമികൾ ഒളിച്ചിരിക്കുന്നതായി കരുതപ്പെടുന്ന സ്ഥലങ്ങളിൽ സു​രക്ഷാസേന പരിശോധന നടത്തുന്നുണ്ട്. അതേസമയം, അക്രമികൾ ഇപ്പോഴും ഒളിവിൽ തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു.

13 ദിവസത്തിന് ശേഷം മണിപ്പൂരിൽ വെള്ളിയാഴ്ചയാണ് കൊലപാതകമുണ്ടായത്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു കൊലപാതകം. ഇതിന് പിന്നാലെയാണ് ബി.എസ്.എഫിനെ വിന്യസിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടത്.നേരത്തെ സ്വാതന്ത്ര്യദിനത്തിൽ മണിപ്പൂരിലെ ചില വിഭാഗങ്ങൾ ആയുധങ്ങളുമായി പ്രകടനം നടത്തിയതായി ആരോപണമുയർന്നിരുന്നു. തുടർന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് നിർദേശം നൽകുകയും ചെയ്തിരുന്നു. 

സംസ്ഥാനത്ത് 53 ശതമാനമുള്ള പട്ടികജാതിക്കാരായ മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകണമെന്ന മണിപ്പൂർ ഹൈകോടതി ഉത്തരവിനെ തുടർന്നുള്ള പ്രതിഷേധമാണ് വംശീയ കലാപത്തിലേക്ക് വഴിമാറിയത്. മേയ് മൂന്നിന് ഗോത്രസമൂഹങ്ങൾ ആഹ്വാനം ചെയ്ത പ്രതിഷേധം പിന്നീട് വ്യാപിക്കുകയായിരുന്നു. കലാപത്തിൽ ഇതുവരെ 150ഓളം പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് വീടുകൾ കത്തിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിൽ വനമേഖലകളിൽനിന്ന് അനധികൃത താമസക്കാരെ ഒഴിപ്പിക്കാനെന്നുപറഞ്ഞ് ആരംഭിച്ച ബി.ജെ.പി സർക്കാറിന്റെ നടപടിയും ഗോത്രസമൂഹത്തെ രോഷാകുലരാക്കിയിരുന്നു. കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാനും പുനരധിവാസം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിശോധിക്കാനും സുപ്രീംകോടതി മൂന്ന് മുൻ ഹൈകോടതി ജഡ്ജിമാരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Tags:    
News Summary - Manipur violence: BSF troops to be deployed near Kuki village that was attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.