ന്യുഡൽഹി: ഡൽഹി മന്ത്രിമാർക്കെതിരെയുള്ള കേന്ദ്ര സർക്കാർ കേസുകളിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയെ കള്ളക്കേസിൽ കുടുക്കാന്‍ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും സത്യേന്ദർ ജെയിന് ശേഷം അദ്ദേഹവും അറസ്റ്റിലാവാന്‍ സാധ്യതയുണ്ടെന്നും കെജ്രിവാൾ പറഞ്ഞു. അഴിമതിക്കേസിൽ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് വിവരം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി മന്ത്രിമാരായ ഞങ്ങളെ എല്ലാവരെയും ഒരുമിച്ച് ജയിലിൽ അടക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിക്കുകയാണെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഞങ്ങൾക്കെതിരെ അന്വേഷണം നടത്തുകയും റെയ്ഡ് നടത്തുകയും ചെയ്യൂ. അതിന് ശേഷം ഞങ്ങൾ ജോലിയിൽ പ്രവേശിക്കാം. ഞങ്ങൾക്ക് ഈ രാഷ്ട്രീയം മനസ്സിലാകുന്നില്ലെന്നും ഞങ്ങൾക്ക് പ്രവർത്തിക്കാൻ മാത്രമേ താൽപ്പര്യമുള്ളൂവെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
മനീഷ് സിസോദിയ അഴിമതിക്കാരനാണോയെന്ന് അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ കാരണം പ്രയോജനം ലഭിക്കുന്ന 18 ലക്ഷം കുട്ടികളോട് ചോദിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും കെജ്രിവാൾ പറഞ്ഞു. അതുപോലെ മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിക്കാനും വാക്സിനുകൾ കൃത്യമായി വിതരണം ചെയ്യാനും സത്യേന്ദർ ജെയിൻ മുന്‍കൈയ്യെടുത്തിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇവരെ രണ്ട് പേരെയും കേന്ദ്രസർക്കാർ അഴിമതിക്കാരാക്കുകയാണ്. ഇവർ അഴിമതിക്കാരാണെങ്കിൽ പിന്നെ ആരാണ് സത്യസന്ധരെന്നും അദ്ദേഹം ചോദിച്ചു. രണ്ട് മന്ത്രിമാരെയും കള്ളക്കേസിൽ കുടുക്കാനും അവരുടെ പേരുകൾ അപകീർത്തിപെടുത്താനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ അത് നടക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലെ 20ലധികം ആംആദ്മി എം.എൽ.എമാർക്കെതിരെ ഇവർ കേസുകൾ ചുമത്തിയതായും കെജ്രിവാൾ ചൂണ്ടിക്കാട്ടി. എന്നാൽ ഞങ്ങൾക്ക് ജയിൽ പേടിയില്ലെന്നും സത്യങ്ങൾ മനസ്സിലാക്കി ഇത്തവണയും ഡൽഹിയിലെ ജനങ്ങൾ ആം ആദ്മിയുടെ കൂടെ നിൽക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.