ന്യൂഡൽഹി: സൽമാൻ ഖുർശിദിനു പിന്നാലെ കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പുസ്തകവും വിവാദമാക്കി ബി.ജെ.പി. 2008ലെ മുംബൈ ഭീകരാക്രമണം മുൻനിർത്തി പാകിസ്താനു തക്ക മറുപടി നൽകേണ്ടതിനു പകരം സംയമനം കാണിച്ചതു ശരിയായില്ലെന്ന പുസ്തകത്തിലെ പരാമർശമാണ് ബി.ജെ.പി ഏറ്റുപിടിച്ചത്.
മുംബൈ ഭീകരാക്രമണം നടന്നപ്പോൾ കോൺഗ്രസ് നയിക്കുന്ന യു.പി.എ സർക്കാറായിരുന്നു അധികാരത്തിൽ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ദേശസുരക്ഷയെ ബാധിച്ച 10 പ്രധാന സംഭവങ്ങളെക്കുറിച്ചാണ് തിവാരിയുടെ '10 ഫ്ലാഷ് പോയൻറ്സ്, 20 ഇയേഴ്സ്' എന്ന പുസ്തകം. സംയമനം ശക്തിയുടെ അടയാളമല്ല, മറിച്ച് ദൗർബല്യത്തിെൻറ പ്രതീകമാണെന്ന് തിവാരി പറയുന്നു. മുംബൈ ഭീകരാക്രമണം നടന്നപ്പോൾ വാക്കുകളേക്കാൾ ശക്തമായ നടപടി വേണ്ടിയിരുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു.
കോൺഗ്രസ് വീഴ്ചയുടെ കുറ്റസമ്മതമാണ് പുറത്തു വന്നിരിക്കുന്നതെന്ന് ബി.ജെ.പി നേതാവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. പാകിസ്താന് തക്ക മറുപടി കൊടുക്കാൻ വ്യോമസേന സജ്ജമായിരുന്നെങ്കിലും യു.പി.എ സർക്കാർ തണുപ്പൻ സമീപനമാണ് സ്വീകരിച്ചതെന്ന് എയർ ചീഫ് മാർഷലായിരുന്ന ഫാലി മേജർ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്ന് മറ്റൊരു ബി.ജെ.പി നേതാവ് അമിത് മാളവ്യ പറഞ്ഞു.
304 പേജ് വരുന്ന തെൻറ പുസ്തകത്തിലെ ഈ പരാമർശം കണ്ടെടുത്തവർ, ബി.ജെ.പിക്കാലത്തെ ദേശസുരക്ഷയെക്കുറിച്ച് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതിനെക്കുറിച്ചുകൂടി പറയണമെന്നാണ് രചയിതാവായ മനീഷ് തിവാരി പ്രതികരിച്ചത്.
സംഘ്പരിവാർ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വത്തെ െഎ.എസ് പോലുള്ള ഭീകര സംഘടനകളുമായി സമീകരിച്ചു സ്വന്തം പുസ്തകത്തിൽ പരാമർശം നടത്തിയ സൽമാൻ ഖുർശിദിനെതിരെ ബി.ജെ.പിയും ഹിന്ദുത്വ സംഘടനകളും രംഗത്തു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.