ന്യൂഡൽഹി: വിദ്വേഷ പ്രചാരണത്തിന് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പരാതി നൽകി ശിരോമണി അകാലിദൾ നേതാവും ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്‍റുമായ മൻജീന്ദർ സിങ് സിർസ. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചതും കർഷക പ്രേക്ഷാഭവുമായി ബന്ധപ്പെട്ടുമായിരുന്നു കങ്കണയുടെ പരാമർശം. കങ്കണയുടെ വിദ്വേഷ പരാമർശങ്ങൾക്കെതിരെ നടിയെ ജയിലിലോ അല്ലെങ്കിൽ മാനസികാരോഗ്യ കേന്ദ്രത്തിലോ ആക്കണമെന്ന് സിർസ പറഞ്ഞു.
'വളരെ വിലകുറഞ്ഞ മാനസികാവസ്ഥയാണ് കങ്കണ പ്രസ്താവനകളിലൂടെ ഉയർത്തിക്കാട്ടുന്നത്. ഖാലിസ്ഥാൻ ഭീകരർ കാരണമാണ് മൂന്ന് കാർഷിക നിയമങ്ങൾ എടുത്തുകളഞ്ഞതെന്ന പ്രസ്താവന കർഷകരോടുള്ള അനാദരവാണ്. അവർ വെറുപ്പിൻറെ നിർമാണ കേന്ദ്രമാണ്' -സിർസ ആരോപിച്ചു.
'ഇന്‍സ്റ്റഗ്രാമിൽ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നതിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. അവരുടെ സുരക്ഷവലയവും പത്മശ്രീയും ഉടൻ പിൻവലിക്കണം. അവരെ മാനസികാരോഗ്യ കേന്ദ്രത്തിലോ ജയലിലോ അടക്കണം' -സിർസ പറഞ്ഞു. കങ്കണക്കെതിരെ ഡൽഹി പൊലീസിൽ നൽകിയ പരാതിയുടെ പകർപ്പും സിർസ ട്വിറ്ററിൽ പങ്കുവെച്ചു.
കാർഷിക നിയമം പിൻവലിക്കാനുള്ള തീരുമാനം ദുഃഖകരവും നാണക്കേടും നീതിക്ക് നിരക്കാത്തതുമാണെന്നായിരുന്നു കങ്കണയുടെ പരാമർശം. തെരഞ്ഞെടുക്കെപ്പട്ട സർക്കാരല്ലാതെ തെരുവിലെ ജനങ്ങൾ നിയമം ഉണ്ടാക്കാൻ തുടങ്ങിയാൽ ഇതൊരു ജിഹാദി രാജ്യമായി മാറും. ഇങ്ങനെയാകണമെന്ന് ആഗ്രഹിച്ചിരുന്ന എല്ലാവർക്കും അഭിനന്ദനങ്ങളെന്നുമായിരുന്നു കങ്കണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയെ വിമർശിച്ചും കങ്കണ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.