35 ലോകനേതാക്കളുടെ ഫോൺസംഭാഷണങ്ങൾ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ചോർത്തുന്നുവെന്ന് ബ്രിട്ടീഷ് ദിനപത്രമായ ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തപ്പോഴാണ് ലോകം മറ്റൊരു കാര്യം അറിഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിെൻറ പ്രധാനമന്ത്രിക്ക് ഫോണും ഇ-മെയിൽ വിലാസവും ഇല്ല എന്നതാണത്.
വിവിധ രാഷ്ട്രത്തലവന്മാരുടെ ഫോൺസംഭാഷണങ്ങൾ ചോർത്തപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നപ്പോൾ, മൻമോഹൻ സിങ്ങിെൻറ കാര്യത്തിൽ അങ്ങനെ സംഭവിച്ചിട്ടില്ലെന്നും കാരണം അദ്ദേഹത്തിന് ഫോണില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെയാണ് വിശദീകരണക്കുറിപ്പ് ഇറക്കിയത്.
മൻമോഹന് മൊബൈൽ ഫോ ണും ഇ-മെയിൽ വിലാസവും ഇല്ലെങ്കിലും അദ്ദേഹത്തിെൻറ ഓഫിസ് ഇ-മെയിൽ ഉപയോഗിക്കുന്നുണ്ട് എന്നും ഇത് ചോർത്തിയതായി വിവരമില്ല എന്നുമായിരുന്നു വിശദീകരണം. വൈറ്റ്ഹൗസ്, പെൻറഗൺ, വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ വഴിയാണ് ഫോൺനമ്പറുകൾ ചോർന്നത് എന്നായിരുന്നു വാർത്ത.
രണ്ടുതവണ പ്രധാനമന്ത്രിപദത്തിൽ മുഴുവൻ കാലവും പൂർത്തിയാക്കിയ മൻമോഹൻ സിങ് ആ പദവിയിൽ എത്തുന്നതിനുമുമ്പ്, ഏഴു പ്രധാനമന്ത്രിമാരെ സേവിച്ചു. ഇത്രയും തലവന്മാരുടെ സാമ്പത്തിക തീരുമാനങ്ങളുടെ പിന്നിലെ പ്രധാന ബുദ്ധികേന്ദ്രമായിരുന്നു ഈ തലപ്പാവുകാരൻ. ഇതിനർഥം ഇന്ദിര മുതൽ തെൻറ രണ്ടാം ഘട്ടം അവസാനിക്കുന്നതു വരെയുള്ള ഇന്ത്യയുടെ സാമ്പത്തികനയങ്ങളുടെ പ്രേരകശക്തി മൻമോഹനായിരുന്നു എന്നതാണ്. 1971ൽ ഇന്ദിരയുടെ രണ്ടാംവരവിൽ കേന്ദ്ര വാണിജ്യ വകുപ്പിൽ സാമ്പത്തിക ഉപദേഷ്ടാവായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
മൊറാർജി ദേശായ്, ചരൺസിങ്, രാജീവ് ഗാന്ധി, വി.പി. സിങ്, ചന്ദ്രശേഖർ, പി.വി. നരസിംഹറാവു എന്നിവർക്കൊപ്പവും മൻമോഹൻ പ്രവർത്തിച്ചു. ഇന്ദിര ഗാന്ധിയുടെ കാലത്തെ സാമ്പത്തിക കുതിപ്പിനു പിന്നിലെ പ്രധാന കരുത്ത് അദ്ദേഹമായിരുന്നു. ഇതറിയുന്നതിനാലായിരുന്നു നരസിംഹറാവു ഇദ്ദേഹത്തെ ധനമന്ത്രിപദത്തിൽ എത്തിച്ചത്. സ്വന്തം പാർട്ടിയിൽനിന്നുള്ള എതിർപ്പുകൾ മറികടന്നാണ് ഈ നിയമനമുണ്ടായത്. ഇതിലൂടെ ലോകത്തെ ഏറ്റവും ശ്രദ്ധേയനായ ധനമന്ത്രിയായി അദ്ദേഹം മാറിയെന്നത് ചരിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.