‘മൻ കി ബാത്ത്’ രാമായണം, മഹാഭാരതം പരമ്പരകളേക്കാൾ ജനപ്രിയം; ഇത് കേൾക്കാൻ അമ്മമാരും സഹോദരിമാരും തിരക്ക് കൂട്ടുന്നു -ത്രിപുര മുഖ്യമന്ത്രി

അഗർത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്ത്’ 1980കളിലെ ​മെഗാ ടെലിവിഷൻ പരമ്പരകളായ ‘രാമായണം’, ‘മഹാഭാരതം’ എന്നിവയേക്കാൾ ജനപ്രിയമാണെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. ‘മൻ കി ബാത്തി’ന്റെ 108ാം ഭാഗം പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം കേട്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. ഇപ്പോൾ എല്ലാ മാസത്തെയും അവസാന ഞായറാഴ്ചകളിലെ പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ കേൾക്കാൻ അമ്മമാരും സഹോദരിമാരുമെല്ലാം തിരക്ക് കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മുടെ അമ്മമാരും സഹോദരിമാരുമെല്ലാം എല്ലാ ഞായറാഴ്ചകളിലും മഹാഭാരതം, രാമായണം പരമ്പരകൾ കാണാൻ ടെലിവിഷന് മുന്നിൽ തിരക്ക് കൂട്ടുന്ന കാഴ്ച നമ്മൾ പതിവായി കണ്ടിരുന്നതാണ്. ഇപ്പോൾ എല്ലാ മാസത്തെയും അവസാന ഞായറാഴ്ചകളിലെ പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ കേൾക്കാൻ നമ്മുടെ അമ്മമാരും സഹോദരിമാരുമെല്ലാം തിരക്ക് കൂട്ടുന്നതാണ് കാണാനാവുന്നത്. 1980കളിലെ പ്രധാന ടെലിവിഷൻ പരിപാടികളേക്കാൾ ജനപ്രിയമാണ് ഈ പരിപാടി. 1980കളിലും സ്ത്രീകൾ ടെലിവിഷൻ ഷോകൾ കാണാൻ തിരക്ക് കൂട്ടുന്നതിനെ ആളുകൾ വിമർശിച്ചിരുന്നു. ഇപ്പോൾ പലരും ‘മൻ കി ബാത്ത്’ കേൾക്കുന്നതിനെയും വിമർശിക്കുന്നുണ്ട്. എന്നാൽ, ഇത് രണ്ടും രണ്ടാണെന്ന് കാണുന്ന ആളുകൾക്കറിയാം’ -മണിക് സാഹ പറഞ്ഞു.

രാമാനന്ദ് സാഗർ ഒരുക്കിയ ‘രാമായണം’ 1987ലും ബി.ആർ ചോപ്ര ഒരുക്കിയ ‘മഹാഭാരതം’ 1988ലുമാണ് ദൂരദർശനിൽ സംപ്രേഷണം ചെയ്തത്. രണ്ടും ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളായാണ് അറിയപ്പെടുന്നത്.   

Tags:    
News Summary - 'Mann Ki Baat' more popular than Ramayana and Mahabharata series; Mothers and sisters are rushing to hear this -Tripura Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.