മിന്നലാക്രമണത്തിന് ശേഷം പാകിസ്താന് ഇപ്പോഴും ബോധം തെളിഞ്ഞിട്ടില്ലെന്ന് പരീക്കർ

ഡെറാഡൂണ്‍: ശസ്ത്രക്രിയക്ക് ശേഷം ബോധം തെളിയാത്ത രോഗിയുടെ അവസ്ഥയിലാണ് ഇപ്പോള്‍ പാകിസ്താനെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്‍റെ പരിഹാസം. പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം ഇതിനോട് ആദ്യമായി പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.

ശസ്ത്രക്രിയ കഴിഞ്ഞ് ബോധം തിരിച്ചുകിട്ടാത്ത രോഗിയുടെ അവസ്ഥയിലാണ് ഇപ്പോഴും പാകിസ്താന്‍. ബോധം തെളിയാത്തതിനാല്‍ ശസ്ത്രക്രിയ ചെയ്‌തോ ഇല്ലയോ എന്നു പോലും മനസിലായിട്ടില്ല. മിന്നലാക്രമണം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷവും എന്താണ് ശരിക്കും സംഭവിച്ചതെന്ന് മനസിലാക്കാൻ കഴിയാത്ത അവസ്ഥയാണ് പാകിസ്താന്‍റെതെന്നും അദ്ദേഹം പരിഹാസപൂർവം പറഞ്ഞു.

ഇന്ത്യൻ സൈന്യത്തെ പുരാണത്തിലെ ഹനുമാനോട് ഉപമിച്ച പരീക്കർ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് വാസ്തവത്തിൽ മനസിലായത് ഇപ്പോഴാണ് എന്നും പറഞ്ഞു. ഒറ്റക്കുതിപ്പ് കൊണ്ട് ലങ്കയിലെത്തിയ ഹനുമാന് തന്‍റെ ശക്തിയെക്കുറിച്ച് മനസിലാക്കിക്കൊടുത്തത് ജാംബവാനായിരുന്നു. അതുപോലെയായിരുന്നു ഇന്ത്യയുടെ അവസ്ഥയും.

ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. പ്രകോപനമില്ലാത്ത ആക്രമണത്തില്‍ നാം വിശ്വസിക്കുന്നില്ല. എങ്ങനെ പകരം ചോദിക്കണമെന്ന് ഇന്ത്യന്‍ സൈന്യത്തിന് അറിയാമെന്നുള്ള ബോധ്യപ്പെടുത്തൽ കൂടിയായിരുന്നു മിന്നലാക്രമണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Tags:    
News Summary - manohar pareekar on surgical attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.