വിവാഹബന്ധത്തിലെ ബലാത്സംഗം: മുഴുവൻ ഹരജികളും 19ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹബന്ധത്തിലെ ബലാത്സംഗം കുറ്റകരമാണോ എന്ന ഹരജി ഈ മാസം 19ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അജയ് രസ്തോഹിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാകും ഹരജി പരിഗണിക്കുക. ഒന്നിലധികം ഹരജികളുള്ളതിനാൽ ഒന്നിച്ച് പരിഗണിക്കാമെന്ന് ജസ്റ്റിസ് രസ്തോഹി വ്യക്തമാക്കി.

ഇന്ത്യ ശിക്ഷാ നിയമത്തിനെ 375, 376 ബി എന്നീ വകുപ്പുകളിലെ വിവാഹ ബന്ധത്തിലെ ബലാത്സംഗത്തിന് ഇളവ് നൽകുന്നതിനെതിരായ ഹരജികൾ ഡൽഹി ഹൈകോടതിയിലാണ് ആദ്യം വന്നത്. വിവാഹബന്ധത്തിലെ ബലാത്സംഗമാണെങ്കിൽ അത് കുറ്റകരമല്ലെന്ന് ഇന്ത്യ ശിക്ഷാ നിയമത്തിൽ ഇളവ് നൽകിയിട്ടുണ്ടെന്നും ഈ ഇളവുകൾ എടുത്തുകളയണമെന്നുമാണ് രണ്ട് ഹരജികളിലും ആവശ്യപ്പെട്ടത്.

ഹരജികളിൽ വിശദവാദം കേട്ട ഹൈകോടതി മെയ് 11ന് വിധി പുറപ്പെടുവിച്ചു. എന്നാൽ, രണ്ട് ജഡ്ജിമാർ വ്യത്യസ്ത വിധികളാണ് വിഷയത്തിൽ പുറപ്പെടുവിച്ചത്. വിവാഹബന്ധത്തിലെ ബലാത്സംഗത്തിനുള്ള ഇളവ് ഭരണഘടനാ ലംഘനമാണെന്നും ഇളവ് എടുത്തുകളയണമെന്നും ജസ്റ്റിസ് രാജീവ് ഹെഡ്കർ വിധിച്ചു.

എന്നാൽ, ഭരണഘടനാ ലംഘനമല്ലെന്നാണ് ജസ്റ്റിസ് സി. ഹരിശങ്കർ ചൂണ്ടിക്കാട്ടിയത്. വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ച സാഹചര്യത്തിൽ അന്തിമതീർപ്പ് സുപ്രീംകോടതി നടത്തട്ടെ എന്നാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചത്.

Tags:    
News Summary - Marital rape: Supreme Court will consider all petitions on 19th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.