ചണ്ഡിഗഢ്: സഹോദരങ്ങളുടെ മക്കൾ തമ്മിലുള്ള വിവാഹം സദാചാരവിരുദ്ധവും നിയമപരമായി അംഗീകരിക്കാനാവാത്തതുമാണെന്ന് പഞ്ചാബ്- ഹരിയാന ഹൈകോടതി. ആണിനും പെണ്ണിനും പ്രായപൂർത്തിയെത്തിയാലും നേരിട്ട് രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
21കാരനായ യുവാവ് പഞ്ചാബ് സർക്കാറിനെ എതിർകക്ഷിയാക്കി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി വിധി. യുവാവും പിതൃസഹോദര പുത്രിയായ 17കാരിയും പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. തുടർന്ന് ഇക്കഴിഞ്ഞ സെപ്റ്റംബർ ഏഴിനാണ് യുവാവിനെതിരെ യുവതിയുടെ ബന്ധുക്കൾ ലുധിയാന ഖന്ന സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പൊലീസ് കേസെടുത്തതോടെ യുവാവ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ, പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും ഇരുവരും സഹോദരങ്ങളുടെ മക്കളാണെന്നും കോടതിയെ അറിയിച്ചു. ഹിന്ദു വിവാഹ നിയമപ്രകാരം നേരിട്ട് രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം നിരോധിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്നാണ്, അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം സദാചാരവിരുദ്ധവും സമൂഹത്തിന് അംഗീകരിക്കാനാവാത്തതുമാണെന്ന് കോടതി വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.