ന്യൂഡൽഹി: ഇന്ത്യയിൽ പഠനത്തിനെത്തുന്ന വിദേശ വിദ്യാർഥികൾക്കായി രണ്ട് പുതിയ വിസകൾ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇ-സ്റ്റുഡൻറ് വിസയും ഇ-സ്റ്റുഡൻറ് എക്സ് വിസയുമാണ് പുതിയതായി പ്രഖ്യാപിച്ചത്. വിദേശ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനത്തിന് അപേക്ഷിക്കാനും പഠിക്കാനുമുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന്‍റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പുതിയ തീരുമാനം.
ഇ-സ്റ്റുഡൻറ് വിസ കൈവശമുള്ള വിദ്യാർഥികളുടെ ആശ്രിതർക്കാണ് ഇ-സ്റ്റുഡൻറ് എക്സ് വിസക്ക് അർഹതയുള്ളത്. ഇന്ത്യയിൽ കോഴ്‌സുകൾ പഠിക്കാൻ തീരുമാനിച്ച വിദേശ വിദ്യാർഥികൾക്ക് അഥവ ഉപഭൂഖണ്ഡത്തിലെയും ആഫ്രിക്കൻ രാജ്യങ്ങളിലെയും വിദ്യാർഥികൾക്ക് പ്രയോജനകരമായ നടപടിയാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റേത്.
ഇ-സ്റ്റുഡൻറ്, ഇ-സ്റ്റുഡൻറ് എക്സ് വിസകൾക്ക് അപേക്ഷിക്കാൻ വിദ്യാർഥികൾ ആദ്യം വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിലുള്ള 'സ്റ്റഡി ഇൻ ഇന്ത്യ' (എസ്.ഐ.ഐ) എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന വിദ്യാർഥികൾക്ക് എസ്.ഐ.ഐ പോർട്ടൽ വഴി ഇ-സ്റ്റുഡൻറ് വിസ ഓപ്ഷൻ സെലക്ട് ചെയ്യാൻ കഴിയും.
ഇ-സ്റ്റുഡൻറ് വിസ കൈവശമുള്ള വിദ്യാർഥികളുടെ ആശ്രിതർക്ക് ഇ-സ്റ്റുഡൻറ് എക്സ് വിസക്ക് അർഹതയുണ്ട്. വിദ്യാർഥികൾ അവരുടെ അപേക്ഷകൾ ഇന്ത്യൻ സർക്കാറിന്‍റെ ഓൺലൈൻ പോർട്ടലായ indianvisaonline.gov.in വഴി സമർപ്പിക്കണം. യൂണിക്യു എസ്.ഐ.ഐ ഐ.ഡി ഉപയോഗിച്ച് വിദ്യാർഥികളുടെ അപേക്ഷയുടെ ആധികാരികത പോർട്ടൽ പരിശോധിക്കും.
വിസക്ക് അപേക്ഷിക്കുന്നതിന് മുമ്പ് വിദേശ വിദ്യാർഥികൾ എസ്.ഐ.ഐയുടെ പങ്കാളിത്ത സ്ഥാപനങ്ങളിലൊന്നിൽ നിന്ന് പ്രവേശന ഓഫർ ഉറപ്പാക്കണം. ഇന്ത്യൻ സ്ഥാപനങ്ങളിൽ ദീർഘകാല, ഹ്രസ്വകാല കോഴ്‌സുകളിൽ ചേരാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്കുള്ള പ്രവേശന പ്രക്രിയ ലളിതമാക്കുകയാണ് പ്രത്യേക പോർട്ടൽ കൊണ്ട് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.