ന്യൂഡൽഹി: രാജ്യസഭാ എം.പി സ്ഥാനം രാജിവെക്കുമെന്ന് ബി.എസ്.പി നേതാവ് മായാവതി. പാർലമെന്‍റിൽ ദലിതർക്ക് നേരെയുള്ള അക്രമം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് രാജിവെക്കാനുള്ള തീരുമാനം.
പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന ഇന്ന് ഭരണപക്ഷത്തെക്കുറിച്ച് നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. വർഗീയത പ്രചരിപ്പിക്കുകയാണ് ബി.ജെ.പി എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രധാന വിമർശനം. ഇതിനിടെയാണ് ശഹാറൻപുരിലെ ദലിത്-താക്കൂർ സംഘർഷം രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന് ബഹുജൻ സമാദി പാർട്ടി നേതാവ് മായാവതി ആവശ്യപ്പെട്ടത്. ശഹാറൻപുർ സന്ദർശിക്കാൻ തന്നെ അനുവദിച്ചില്ല. ഹൈദരാബാദിൽ രോഹിത് വെമുല പ്രശ്നം, ഗുജറാത്തിൽ പശുവിന്‍റെ പേരിൽ നടക്കുന്ന കൊലകൾ, എല്ലായിടത്തും ദലിതർ പീഡിപ്പിക്കപ്പെടുകയാണ്. മായാവതി സംഭാഷണം തുടർന്നതോടെ വിശദാംശങ്ങൾ അവസാനിപ്പിച്ച് അടിയന്തിര പ്രമേയം അവതരിപ്പിക്കാൻ ഡെപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിൽ പ്രകോപിതയായ മായാവതി തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെങ്കിൽ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി. 'ഇപ്പോൾ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെങ്കിൽ ഈ നിമിഷം തന്നെ ഞാൻ രാജിവെക്കും.' മായാവതി പറഞ്ഞു. തന്‍റെ സമുദായത്തെക്കുറിച്ചുള്ള പ്രശ്നങ്ങൾ അവതരിപ്പിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് ഉടൻതന്നെ സഭ വിട്ടിറങ്ങുകയായിരുന്നു മായാവതി.
ദലിത് ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കാൻ അനുവാദമില്ലെങ്കിൽ പിന്നെ താനെന്തിന് സഭയിൽ ഇരിക്കണമെന്നായിരുന്നു മായാവതിയുടെ ചോദ്യം. പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്ഥാനാർഥിയെ നിർത്തിയാൽ ദലിത് വോട്ടുകൾ ലഭിക്കുമെന്ന് ബി.ജെ.പി കരുതുന്നത് വെറുതെയാണ്. സ്വപ്നത്തിൽ പോലും അവർക്ക് ഒരു വോട്ട് ലഭിക്കില്ല- മായാവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.