ലഖ്നോ: ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി തന്റെ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ പ്രഖ്യാപിച്ചു. ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഒഴികെയുള്ള സംസ്ഥാനങ്ങളുടെ ചുമതല ആകാശിനായിരിക്കും. ഈ രണ്ട് സംസ്ഥാനങ്ങളിൽ ചുമതല മായാവതി തന്നെ വിളിക്കും.
ലഖ്‌നൗവിലെ ബി.എസ്.പിയുടെ സംസ്ഥാന ഓഫിസിൽ ഞായറാഴ്ച മായാവതിയുടെ നേതൃത്വത്തിൽ നടന്ന പാർട്ടി പ്രവർത്തകരുടെ യോഗത്തിലായിരുന്നു പ്രഖ്യാപനം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവയുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ അടുത്തിടെ സമാപിച്ച നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടി പ്രകടനം വിശകലനം ചെയ്യും. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ കുറിച്ചും ചർച്ചകളുണ്ടായി.
ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിഎസ്പിയുടെ താരപ്രചാരകരുടെ പട്ടികയിൽ മായാവതിയുടെ പിൻഗാമിയാകുമെന്ന് ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന ആകാശ് ആനന്ദിന്റെ പേരുണ്ടായിരുന്നു.
ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പാർട്ടി കേഡറിനെ സജ്ജരാക്കുന്നതിനും പാർട്ടി സംഘടന പുനഃസംഘടിപ്പിക്കുന്നതിനുമുള്ള ചുമതലയും ആകാശ് ആനന്ദിനെ ഏൽപ്പിച്ചിട്ടുണ്ട്. സമാജ്‌വാദി പാർട്ടിയുമായുള്ള സഖ്യം ഉപേക്ഷിച്ച് മായാവതി 2019ൽ പാർട്ടി സംഘടന പുനഃക്രമീകരിച്ചതോടെയാണ് ആകാശ് ബി.എസ്.പിയുടെ ദേശീയ കോ ഓർഡിനേറ്ററായത്.
ഹിമാചൽ പ്രദേശിൽ മൂന്നാം ബദലായി ഉയർന്നുവരാൻ ബി.എസ്.പി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ വർഷം മുതൽ പാർട്ടികളുടെ ചുമതലയും ആകാശിനായിരുന്നു. 2016ലാണ് ആകാശ് ബി.എസ്.പിയിൽ ചേർന്നത്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരകനായിരുന്നു ഈ 28 കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.