നല്ല പോത്തിറച്ചി തരാം; വാങ്ങണമെന്ന് ബംഗ്ലാദേശിനോട് അഭ്യർഥിച്ച് ഇന്ത്യ

ന്യൂഡൽഹി: നിർത്തിവെച്ച മാസം ഇറക്കുമതി പുനരാരംഭിക്കണം എന്ന് ബംഗ്ലാദേശിനോട് അഭ്യര്‍ഥിച്ച് ഇന്ത്യ. പ്രാദേശിക കന്നുകാലി കര്‍ഷകരെ സംരക്ഷിക്കാനും ഗാര്‍ഹിക കന്നുകാലി മേഖലയെ മെച്ചപ്പെടുത്താനും വേണ്ടി ഇന്ത്യയില്‍നിന്ന് പോത്ത് മാംസം ഉള്‍പ്പെടെയുള്ള ശീതീകരിച്ച മാംസം ഇറക്കുമതി ചെയ്യുന്നത് ബംഗ്ലാദേശ് സര്‍ക്കാര്‍ നിര്‍ത്തിയിരുന്നു. ബീഫ് അടക്കമുള്ള മാംസം കയറ്റുമതി ചെയ്യാൻ അനുവദിക്കണം എന്നാണ് ഇന്ത്യയുടെ ആവശ്യം.

പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ധാക്കയിലെ ഇന്ത്യന്‍ എംബസി ഫിഷറീസ്-കന്നുകാലി മന്ത്രാലയത്തിന് കത്തയച്ചതായി ബംഗ്ലാദേശിൽനിന്നുള്ള 'ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. വാണിജ്യ മന്ത്രാലയം 2022 ഏപ്രിലില്‍ പുറത്തിറക്കിയ ഇറക്കുമതി നയം-2021-24 വിജ്ഞാപനമനുസരിച്ച് ശീതീകരിച്ച പോത്ത് മാംസം ഉള്‍പ്പെടെയുള്ള ഇറച്ചി ഇറക്കുമതി ചെയ്യുന്നതിന് കന്നുകാലി വകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് കത്തില്‍ പറയുന്നു.

ഇറക്കുമതി നയത്തില്‍ വന്ന മാറ്റം കാരണം തങ്ങളുടെ ബിസിനസുകളെ ബാധിക്കുന്ന തരത്തില്‍ ശീതീകരിച്ച പോത്തിറച്ചിയുടെ ഇറക്കുമതി കുറച്ച് മാസങ്ങളായി നടന്നിട്ടില്ലെന്നും വ്യാപാരികള്‍ പറഞ്ഞു. ബംഗ്ലാദേശിലേക്ക് മാംസത്തിന്റെ ഏറ്റവും വലിയ ആഗോള കയറ്റുമതിക്കാരാണ് ഇന്ത്യന്‍ കമ്പനികള്‍ എന്നാണ് കത്തില്‍ പറയുന്നത്. ബംഗ്ലാദേശ് ഇപ്പോള്‍ മാംസ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തമാണ്. എന്നാല്‍, 14 രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 2.5 മില്യണ്‍ യു.എസ് ഡോളര്‍ ചെലവഴിച്ചുവെന്നും ചില ആഡംബര ഹോട്ടലുകളും മാംസം ഇറക്കുമതി ചെയ്യുന്നുവെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

കന്നുകാലി സേവന വകുപ്പിന്റെ (ഡി.എല്‍.എസ്) കണക്കനുസരിച്ച് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 8.44 ദശലക്ഷം ടണ്ണിലധികം മാംസം ഉത്പാദിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശ് 14 രാജ്യങ്ങളില്‍ നിന്ന് മാംസം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യ, എത്യോപ്യ, ഫ്രാന്‍സ്, കൊറിയ, തായ്ലന്‍ഡ്, ചൈന, യുനൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), യു.എസ്.എ, പാകിസ്താന്‍, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.

ഈ വർഷം ഏപ്രിൽ മുതൽ ഇന്ത്യയിൽ നിന്നുള്ള ഇറച്ചി ഇറക്കുമതി നിരോധിച്ചതിനെത്തുടർന്നാണ് ഇന്ത്യയിൽ നിന്നുള്ള ഇറച്ചി ഇറക്കുമതി പുനരാരംഭിക്കാൻ ഇന്ത്യൻ സർക്കാർ ഷെയ്ഖ് ഹസീന സർക്കാരിനോട് അഭ്യർത്ഥിച്ചത്. ചില ഭരണകക്ഷി രാഷ്ട്രീയക്കാർ ബംഗ്ലാദേശിനെക്കുറിച്ച് ഇടക്കിടെ നടത്തുന്ന "നിരുത്തരവാദപരമായ" പ്രസ്താവനകളുമായി ബംഗ്ലാദേശ് സർക്കാരിന്റെ തീരുമാനത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും, അയൽ രാജ്യം മാംസം ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി ബംഗ്ലാദേശിൽ നിന്നുള്ള മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

Tags:    
News Summary - Meat Export Controversy: Govt Urges Bangladesh To Resume Meat Import From India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.