തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടിങ്: കേന്ദ്ര സത്യവാങ്മൂലത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമ റിപ്പോർട്ടിങിനെതിരെയുള്ള കേസിൽ കേന്ദ്രത്തിന്‍റെ സത്യവാങ്മൂലത്തിൽ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ടിവി ചാനലുകളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് റെഗുലേറ്ററി സംവിധാനം ഏർപ്പെടുത്തുന്നത് സർക്കാർ പരിഗണിക്കണമെന്ന് കോടതി പറഞ്ഞു.

കോവിഡ് ആരംഭത്തിൽ ഡൽഹി നിസാമുദ്ധീനിൽ നടന്ന തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾക്ക് എതിരായി നൽകിയ കേസ് പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

സത്യവാങ് മൂലത്തിൽ രണ്ട് പ്രധാനപ്പെട്ട ചോദ്യങ്ങൾ സർക്കാർ വ്യക്തമാക്കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ടിവിയിലെ ഇത്തരത്തിലുള്ള ഉള്ളടക്കം കൈകാര്യം ചെയ്യാൻ എന്ത് സംവിധാനമാണ് ഉള്ളതെന്ന് ഞങ്ങൾക്ക് അറിയണമെന്നും കോടതി സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു.

'നിങ്ങൾ സത്യവാങ് മൂലം ശരിയായി ഫയൽ ചെയ്തില്ല. പിന്നീട് ഫയൽ ചെയ്ത സത്യവാങ് മൂലത്തിൽ രണ്ട് പ്രധാന ചോദ്യങ്ങൾ ഉൾപെടുത്തിട്ടില്ല. ഇങ്ങനെ ചെയ്യാൻ പറ്റില്ല, ടിവിയിലെ ഇത്തരത്തിലുള്ള ഉള്ളടക്കം കൈകാര്യം ചെയ്യാൻ എന്ത് സംവിധാനമാണ് ഉള്ളതെന്ന് ഞങ്ങൾക്ക് അറിയണം. അങ്ങനെയുള്ള റെഗുലേറ്ററി സംവിധാനം ഇല്ലെങ്കിൽ അത് രൂപവത്കരിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് വ്യക്തമാക്കി.

ഇവയുടെ നിയന്ത്രണം എൻ.എസ്‌.ബി.ഐ പോലുള്ള സംഘടനകൾക്ക് വിടാനാകില്ലെന്നും ജസ്റ്റിസുമാരായ എ.എസ് ബോപണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അടുത്ത മൂന്നാഴ്ച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലെ ചില വിഭാഗങ്ങൾ നിസാമുദ്ദീൻ മർകസ് പ്രശ്‌നം വർഗീയവൽക്കരിക്കുകയാണെന്ന് കാണിച്ച് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് കഴിഞ്ഞ ഏപ്രിൽ 6 ന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഓഗസ്റ്റ് ഏഴിന് സർക്കാർ സമർപ്പിച്ച സത്യവാങ് മൂലത്തിൽ സമ്മേളനത്തിൽ പങ്കെടുത്തവർക്കിടയിലുണ്ടായ കൊവിഡ് വ്യാപനം, ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം തുടങ്ങിയവയെല്ലാം വസ്തുതാപരമായ കാര്യങ്ങളാണെന്നും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള വാർത്താ റിപ്പോർട്ടുകൾ സെൻസർ ചെയ്യാൻ കഴിയില്ലെന്നും കോടതിയെ അറിയിച്ചിരുന്നു.

Tags:    
News Summary - Media reporting of Tablighi congregation: SC expresses displeasure over Centre’s affidavit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.