1973ൽ കെ.പി.സി.സി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട്, പാർട്ടി അധ്യക്ഷ ഇന്ദിര ഗാന്ധിയെ കാണാൻ ഡൽഹിയിൽ ചെന്നപ്പോഴാണ് പ്രണബ് മുഖർജിയെ ആദ്യമായി പരിചയപ്പെടുന്നത്. ഇന്ദിരയുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഞാൻ കണ്ട നേതാക്കളിൽ പ്രധാനി അന്ന് ഇന്ദിര മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്ന പ്രണബിനെയായിരുന്നു.
ആദ്യ കൂടിക്കാഴ്ചയിൽതന്നെ അദ്ദേഹത്തിെൻറ അതിശയകരമായ ഓർമശക്തി അത്ഭുതപ്പെടുത്തി. ചരിത്രം, രാഷ്ട്രീയം, സാമ്പത്തികം, കലാസാംസ്കാരികം തുടങ്ങി എല്ലാ മേഖലകളെപ്പറ്റിയും ആധികാരികമായി പറയാൻ കഴിയുന്ന എൻസൈക്ലോപീഡിയ.
അന്നു തുടങ്ങിയ ബന്ധം അവസാനംവരെ നിലനിന്നു. 2012ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർഥി നിർണയം സംബന്ധിച്ച് ഡി.എം.കെയുടെ അഭിപ്രായം ആരായാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയോഗിച്ചത് എന്നെയായിരുന്നു. ദീർഘമായ കൂടിക്കാഴ്ചക്കൊടുവിൽ കരുണാനിധി പറഞ്ഞ അഭിപ്രായം ഞാൻ സോണിയയെ ധരിപ്പിച്ചു.
ഇതേ തുടർന്നാണ് മറ്റു കക്ഷികളുമായി ചർച്ച ചെയ്ത് പ്രണബ് മുഖർജിയുടെ സ്ഥാനാർഥിത്വം കോൺഗ്രസ് നിശ്ചയിച്ചത്. പ്രതിസന്ധി പരിഹരിക്കാനുള്ള അസാമാന്യമായ പാടവമാണ് അദ്ദേഹത്തിെൻറ ഏറ്റവും വലിയ കഴിവ്. യു.പി.എ സർക്കാറിൽ പ്രതിരോധമന്ത്രിയായിരുന്ന പ്രണബ് വിദേശകാര്യ മന്ത്രിയായപ്പോളാണ് എന്നിലേക്ക് പ്രതിരോധവകുപ്പ് എത്തുന്നത്. ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണ സ്വാതന്ത്ര്യത്തിലൂന്നിയാണ് പ്രണബ് മുഖർജി ഓരോ ചുവടുെവപ്പിലും പ്രവർത്തിച്ചിരുന്നതെന്ന് എനിക്ക് മനസ്സിലാക്കാനായി.
ചൈനീസ് അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിെൻറ സന്നാഹം വർധിപ്പിക്കുന്നതിനും ഇന്ത്യൻസേനയെ ലോകത്തെ തന്നെ പ്രധാന സേനയായി മാറ്റുന്നതിനും പ്രണബ് മുഖർജി വഹിച്ച പങ്ക് മറക്കാൻ കഴിയില്ല. വിദേശകാര്യ മന്ത്രിയായുള്ള മാറ്റത്തിനുശേഷമാണ് മുംബൈയിൽ പാക് പിന്തുണയുള്ള ഭീകരാക്രമണം നടന്നത്. പാകിസ്താനെ പാഠം പഠിപ്പിക്കണം, സൈനിക നടപടി വേണം എന്നിങ്ങനെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് മുറവിളി.
എന്നാൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും പ്രണബ് മുഖർജിയും, 'സൈനിക നടപടിയല്ല ആദ്യത്തെ മാർഗം. നയതന്ത്രതലത്തിൽ പാകിസ്താനെ ഒറ്റപ്പെടുത്തണം' എന്നു വാദിച്ചു. അങ്ങനെ നയതന്ത്ര പ്രതിനിധികളും മന്ത്രിമാരും ഭീകരാക്രമണത്തിൽ പാകിസ്താനുള്ള പങ്ക് ലോകനേതാക്കളെ കണ്ട് ബോധ്യപ്പെടുത്തി. അങ്ങനെ അന്താരാഷ്ട്രതലത്തിൽ ഇസ്ലാമിക സഹകരണ കൂട്ടായ്മയായ ഒ.ഐ.സിയുടെ അടക്കം പിന്തുണയും സഹതാപവും ഇന്ത്യ നേടി.
അദ്ദേഹം വിദേശകാര്യ മന്ത്രിയായിരുന്ന കാലത്താണ് ഇന്ത്യ-അമേരിക്ക സൈനികേതര ആണവോർജ കരാർ ഒപ്പുവെച്ചത്. യു.പി.എയെ പിന്തുണച്ച എല്ലാ കക്ഷികളെയും കൂടെ നിർത്താൻ പ്രണബ് മുഖർജിക്ക് കഴിഞ്ഞു. ഇടതുപക്ഷം പിന്തുണ പിൻവലിച്ചപ്പോൾ യു.പി.എ മന്ത്രിസഭ നിലനിർത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് പ്രണബിെൻറ തന്ത്രങ്ങളുമാണ്.
2012ൽ അദ്ദേഹം രാഷ്ട്രപതിയായി. അതോടെ രാഷ്ട്രീയ ബന്ധങ്ങൾ അവസാനിച്ചു. ഭരണഘടനയുടെ ചട്ടക്കൂടിൽ ഒതുങ്ങിനിന്നാണ് രാഷ്ട്രപതിയായ പ്രണബ് പ്രവർത്തിച്ചത്. പക്ഷേ, രാജ്യം അപകടം നേരിട്ട മൂന്നുനാലു സന്ദർഭങ്ങളിൽ പരസ്യമായി സർക്കാറിനെയും രാജ്യത്തെയും ചില കാര്യങ്ങൾ അദ്ദേഹം ഓർമപ്പെടുത്തി.
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയവുമായി അദ്ദേഹത്തിനുള്ള ബന്ധവും എടുത്തുപറയണം. കെ. കരുണാകരനും ഞാനും രണ്ടു പക്ഷത്തുനിന്ന കാലഘട്ടം മുതൽ പലപ്പോഴും പ്രശ്നപരിഹാരമുണ്ടാക്കാൻ ഇന്ദിര ഗാന്ധിയും നരസിംഹറാവുവും സോണിയ ഗാന്ധിയും പ്രണബ് മുഖർജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്്. കരുണാകരനുമായി വ്യക്തിപരമായ അടുപ്പം കൂടുതലുണ്ടായിട്ടും നീതിമാനായ മധ്യസ്ഥനെപ്പോലെ അദ്ദേഹം പ്രവർത്തിച്ചു.
ഇന്ത്യ വളരെ ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഘട്ടമാണിത്. ഇന്ത്യയുടെ ഒരു തരി മണ്ണുപോലും കൈയടക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി നിസ്സഹായനായി ചൈനയുടെ കൈയേറ്റം കണ്ടുനിൽക്കുന്നു. സാമ്പത്തികരംഗം തകർന്നുതരിപ്പണമായി. കോവിഡ് നാശം വിതക്കുന്നു. ഈ ഘട്ടത്തിൽ പ്രണബ് മുഖർജിയെപ്പോലെ പരിണതപ്രജ്ഞനായ നേതാവിെൻറ അഭാവം രാജ്യത്തിനുണ്ടായ തീരാനഷ്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.