ന്യൂഡൽഹി: കേരളത്തിലെ അമൃത അടക്കം സ്വകാര്യ മാനേജ്മെൻറുകൾ നടത്തുന്ന കൽപിത സർവകലാശാലകളിൽ എം.ബി.ബി.എസ് സീറ്റുകളിലേക്കുള്ള പ്രവേശന കൗൺസലിങ് കേന്ദ്ര സർക്കാറിന് കീഴിലാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കൽപിത സർവകലാശാലകളിലും നീറ്റ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന പട്ടികയിൽനിന്ന് സർക്കാർ കൗൺസലിങ്ങിലൂടെ തന്നെ പ്രവേശനം നടത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ‘ഡയറക്ടറേറ്റ് ജനറൽ ഒാഫ് ഹെൽത്ത് സർവിസസ്’ ആണ് കൽപിത സർവകലാശാലകളിൽ കൗൺസലിങ് നടത്തേണ്ടത്. സ്വകാര്യ, ന്യൂനപക്ഷ മാനേജ്മെൻറുകൾ നടത്തുന്ന മെഡിക്കൽ കോളജുകളിലും കൽപിത സർവകലാശാലകളിലും മുഴുവൻ എം.ബി.ബി.എസ് സീറ്റുകളിലേക്കുമുള്ള പ്രവേശനം സർക്കാർ കൗൺസലിങ്ങിലൂടെ തന്നെ നടത്തണമെന്ന മെഡിക്കൽ കൗൺസിൽ വിജ്ഞാപനം ചോദ്യം ചെയ്ത അമൃത കൽപിത സർവകലാശാല സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.
സ്വന്തം നിലക്ക് പ്രവേശനം നടത്താൻ അനുവദിക്കണമെന്ന അമൃതയുടെ വാദം തള്ളിയാണ് ഉത്തരവ്. തങ്ങളുടെ വിജ്ഞാപനം ചോദ്യം ചെയ്ത മാതാ അമൃതാനന്ദമയിയുടെ കൽപിത സർവകലാശാലക്കും കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ക്രിസ്ത്യൻ മാനേജ്മെൻറുകൾക്കുമെതിരായ നിലപാടാണ് കഴിഞ്ഞ ദിവസം എം.സി.െഎ എടുത്തത്.മെറിറ്റ് ഉറപ്പാക്കാൻ സർക്കാർ കൗൺസലിങ് അനിവാര്യമാണെന്നും സ്വന്തം നിലക്കുള്ള കൗൺസലിങ് അനുവദിക്കാനാവില്ലെന്നും എം.സി.െഎ ബോധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.