തെര​ഞ്ഞെടുപ്പ് മത്സര രംഗത്തുള്ള ഉന്നാവ് പെൺകുട്ടിയുടെ അമ്മയെ അറിയാം

ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തെരരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ 2017ൽ ബി.ജെ.പി എം.എൽ.എയാൽ ക്രൂര ബലാത്സംഗത്തിന് ഇരയായ ഉന്നാവോയിലെ പെൺകുട്ടിയുടെ അമ്മയും ഉൾപ്പെടുന്നു. 50 ഓളം സ്ത്രീകൾ മത്സരിക്കുന്ന തെരഞ്ഞെടുപ്പിൽ 125 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തിറക്കിയിരുന്നു.

മത്സര രംഗത്തുള്ള ആ അമ്മയെ കുറിച്ചുള്ള വിവരങ്ങൾ ഇതാണ്. ഒ​ട്ടേറെ പ്രതിസന്ധികൾ തരണം ചെയ്താണ് ആ അമ്മ മത്സര രംഗത്ത് എത്തുന്നത്. മകളുടെ പീഡനത്തെ തുടർന്ന് ഇങ്ങോട്ട് ആ കുടുംബത്തിന് ഏൽക്കേണ്ടി വന്നത് കഠിനമായ പീഡനങ്ങളാണ്.

എം.എൽ.എയുടെ അണികളും ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും അടക്കമുള്ള സംഘടനാ സംവിധാനങ്ങളും നിരന്തരം ആ കുടുംബത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസ് ഈ അമ്മയെ മത്സര രംഗത്തേക്ക് എത്തിക്കുന്നത്. വലതുപക്ഷ മാധ്യമങ്ങൾ ഇവർക്കെതിരെ ഇപ്പോഴേ ദുഷ്പ്രചാരണങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്.

എന്തുകൊണ്ടാണ് അമ്മ?

2017ലെ ഉന്നാവോ കൂട്ടബലാത്സംഗത്തിന് വിധേയയായ പെൺകുട്ടിയുടെ അമ്മയാണ് 55കാരിയായ മത്സരാർഥി. ഉത്തർപ്രദേശിലെ ഉന്നാവോയിൽ 17 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവം രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടി നിയമനടപടി എടുക്കാൻ അധികൃതർ വിസമ്മതിച്ചതിനെ തുടർന്ന് യു.പി മുഖ്യമന്ത്രിയും തീവ്ര ഹിന്ദുത്വ വക്താവുമായ യോഗി ആദിത്യനാഥിന്റെ വസതിക്ക് പുറത്ത് സ്വയം തീകൊളുത്താൻ ശ്രമിച്ചതോടെയാണ് മുഖ്യധാരാ മാധ്യമങ്ങളിലടക്കം വാർത്തകൾ വന്നുതുടങ്ങിയത്.

പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെൻഗാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കുൽദീപ് സെൻഗാറിനെതിരെ ആരോപണം ഉയർന്നതിന് തൊട്ടുപിന്നാലെ, ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടിയുടെ പിതാവിനെ ആയുധ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പൊലീസ് കസ്റ്റഡിയിലിരിക്കെ പീഡനത്തെ തുടർന്ന് അദ്ദേഹം മരിച്ചു.

അമ്മയുടെ സ്ഥാനാർത്ഥിത്വം

പെൺകുട്ടിയുടെ അമ്മ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം, നീതിക്ക് വേണ്ടി പോരാടുമെന്നും ഉന്നാവോയിലെ പാവപ്പെട്ടവർക്കായി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു. മകളുടെ പീഡന വിവരം പുറത്തുവന്നതോടെ ആ കുടുംബത്തിന് നടുതന്നെ ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

നിലവിൽ കുടുംബം ഡൽഹിയിൽ ആണ് താമസിക്കുന്നത്. പെൺകുട്ടിയു​ടെ കുടുംബത്തെ മാത്രമല്ല, പിന്തുണച്ചവരെ അടക്കം യു.പി സർക്കാർ ക്രൂരമായാണ് നേരിട്ടത്. എന്നാൽ, സെൻഗാർ നിരപരാധിയാണെന്നാണ് നാട്ടുകാരിൽ ഒരു കൂട്ടരുടെ വാദം. പ്രദേശവാസിയായ ഇർഫാൻ പറയുന്നു, "സെൻഗാർ തെറ്റ് ചെയ്തിട്ടില്ല. അവൻ ഒരു സോഫ്റ്റ് ടാർഗെറ്റായി, ഒരു ബലിയാടായി മാറി''. മറ്റൊരു നാട്ടുകാരനായ രാജേന്ദ്ര സിംഗ് പറഞ്ഞു-"ആ അമ്മ വിജയിക്കില്ലെന്ന് എല്ലാവർക്കും അറിയാം. കോൺഗ്രസ് സ്ത്രീകൾക്കുള്ള 40% സീറ്റുകൾ നിറവേറ്റുക മാത്രമാണ് ചെയ്യുന്നത്''. എന്നാൽ, ബി.ജെ.പിയുടെ ക്രൂരകൃത്യങ്ങൾ അടുത്തനുഭവിച്ചവർ ഈ മാതാവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ആരാണ് ആ അമ്മ?

2017ലെ ഉന്നാവോ ബലാത്സംഗ സംഭവത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയുടെ അമ്മയാണ് ഇവർ. ഠാക്കൂർ സമുദായത്തിൽപെട്ടവരാണ് ഇവർ. ഏഴ് വയസ്സുള്ള ഒരു മകനും 25,19, 15, 13 വയസ്സുള്ള നാല് പെൺമക്കളും ഉണ്ട്.

അമ്മക്ക് അക്ഷരാഭ്യാസമില്ല. അവരുടെ ഒരു മകൾ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നു.

ഭർത്താവിന്റെ മരണശേഷം കൃഷിയെയാണ് അമ്മ പ്രധാനമായും ആശ്രയിക്കുന്നത്. ഠാക്കൂർ സമുദായത്തിൽ പെട്ടതാണ് ഭർത്താവിന്റെയും കുടുംബം.

കൂട്ടബലാത്സംഗക്കേസിന് ശേഷം ഇവർക്ക് ഡൽഹിയിൽ ഫ്‌ളാറ്റും രണ്ടര കോടി രൂപയുടെ ധനസഹായവും നൽകിയിരുന്നു.

കോടതി വ്യവഹാരങ്ങൾ കാരണം കുടുംബം ഇപ്പോൾ ഡൽഹിയിലാണ് താമസിക്കുന്നത്. എന്നിരുന്നാലും, അവർ ഉന്നാവോയുമായി ബന്ധപ്പെടുകയും ഇടക്കിടെ അവരുടെ ജന്മസ്ഥലം സന്ദർശിക്കാറുണ്ട്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടാൽ ഉന്നാവോയിലെ പാവപ്പെട്ടവർക്കായി പ്രവർത്തിക്കുമെന്ന് കുടുംബം പറയുന്നു. ഉന്നാവോയിൽ ബി.ജെ.പി എം.എൽ.എ പങ്കജ് ഗുപ്തയെ സ്ഥാനഭ്രഷ്ടനാക്കാനാണ് അവർ ശ്രമിക്കുന്നത്.

അമ്മയുടെ ആശകൾ

ഉന്നാവോയിൽ കോൺഗ്രസിന്റെ 'സ്ത്രീ സഹതാപ കാർഡ്' പ്രവർത്തിക്കില്ലെന്ന് ബി.ജെ.പി അനുകൂല രാഷ്ട്രീയ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ചും പ്രിയങ്ക ഗാന്ധിയുടെ ഈ നീക്കം (അമ്മയുടെ സ്ഥാനാർത്ഥിത്വം). പെൺകുട്ടിയുടെ കുടുംബത്തിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് എല്ലാവർക്കും അറിയാമെന്നും ആരും അവർക്ക് അനുകൂലമായി നിലകൊള്ളാൻ പോകുന്നില്ലെന്നും എം.എൽ.എയെ പിന്തുണക്കുന്ന ചില തീവ്ര ഹിന്ദുത്വ വക്താക്കളായ പ്രദേശവാസികൾ പറയുന്നു. കുടുംബത്തിലെ ഭൂരിഭാഗം അംഗങ്ങളും ക്രിമിനൽ പശ്ചാതതലം ഉള്ളവരാണെന്നും അവർ ആരോപിക്കുന്നു.

കുൽദീപ് സെൻഗാർ നിരപരാധിയാണെന്ന് അവകാശപ്പെടുന്നതിനാൽ കൂട്ടബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടിയുടെ കുടുംബത്തോട് നാട്ടുകാർക്ക് കാര്യമായ അനുകമ്പയില്ലാത്തതിനാൽ ഈ നീക്കം കോൺഗ്രസിന് ദോഷം ചെയ്യുമെന്നും ചിലർ പറയുന്നു. ഇരു കുടുംബങ്ങളും തമ്മിലുള്ള പഴയ മത്സരമാണ് സെൻഗാറിനെതിരെ ആരോപണം ഉന്നയിക്കാൻ കാരണമെന്നാണ് നാട്ടുകാർ ഉന്നയിക്കുന്നത്. അതേസമയം, ഈ അമ്മയുടെ സ്ഥാനാർഥിത്വം ബി.ജെ.പിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രതിരോധത്തിലാക്കുമെന്ന് സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Tags:    
News Summary - Meet Unnao rape victim's mother, Congress's hope for UP assembly seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.