രാജ്ഭവന്‍ ‘ലേഡീസ് ക്ലബ്’ ആക്കി; മേഘാലയ ഗവര്‍ണര്‍ പുറത്ത് 

ന്യൂഡല്‍ഹി: ഗുരുതര ആരോപണങ്ങളെ തുടര്‍ന്ന് മേഘാലയ ഗവര്‍ണര്‍ വി. ഷണ്‍മുഖനാഥന്‍ പുറത്ത്. അദ്ദേഹത്തിന്‍െറ രാജി രാഷ്ട്രപതി  പ്രണബ് മുഖര്‍ജി സ്വീകരിച്ചു. ഷണ്‍മുഖനാഥന് അരുണാചല്‍ പ്രദേശിന്‍െറ അധികചുമതലയും ഉണ്ടായിരുന്നു.രാജ്ഭവനെ ഗവര്‍ണര്‍ ലേഡീസ് ക്ളബാക്കിയെന്നും ഷണ്‍മുഖനാഥനെ അടിയന്തരമായി മാറ്റണമെന്നും ആവശ്യപ്പെട്ട് നൂറോളം രാജ്ഭവന്‍ ജീവനക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. ഗവര്‍ണറുടെ പ്രവൃത്തി രാജ്ഭവന്‍െറയും ജീവനക്കാരുടെയും അഭിമാനത്തിന് ക്ഷതമേല്‍പിച്ചതായി പ്യൂണ്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്ന് വ്യാഴാഴ്ചയാണ് ഗവര്‍ണര്‍  രാജിവെച്ചത്.

ഷില്ളോങ്ങിലെ ഗവര്‍ണറുടെ വസതിയെ ചുറ്റിപ്പറ്റിയുള്ള  ആരോപണം സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു. ഗവര്‍ണറായി ചുമതലയേറ്റതു മുതല്‍  ഷണ്‍മുഖനാഥന്‍െറ നടപടികളില്‍ രാജ്ഭവന്‍ ജീവനക്കാര്‍ അസ്വസ്ഥരായിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥടക്കം ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്നതായും പരാതിയുയര്‍ന്നു. 67കാരനായ ഇദ്ദേഹം തന്നിഷ്ടപ്രകാരം വനിതകളെ മാത്രമാണ് ജീവനക്കാരായി നിയമിച്ചത്. ഗവര്‍ണറുടെ നേരിട്ടുള്ള  നിയന്ത്രണത്തിലായിരുന്നു വനിത ജീവനക്കാര്‍. രാജ്ഭവനിലേക്ക് പെണ്‍കുട്ടികള്‍ വന്നുംപോയും ഇരുന്നതായും ഇവരില്‍ പലര്‍ക്കും ഗവര്‍ണറുടെ കിടപ്പറയിലേക്കുവരെ നേരിട്ട് പ്രവേശനമുണ്ടായിരുന്നതായും ജീവനക്കാരുടെ കത്തില്‍ പറയുന്നു. 

കഴിഞ്ഞ ഡിസംബറില്‍ രാജ്ഭവനില്‍ പി.ആര്‍.ഒ തസ്തികയിലേക്ക് അഭിമുഖത്തിനത്തെിയ പെണ്‍കുട്ടിയെ ഷണ്‍മുഖാനന്ദന്‍ അപമാനിച്ചതായി ആരോപണമുയര്‍ന്നു. ഇയാളെ മാറ്റണമെന്നാവശ്യപ്പെട്ട് സ്ത്രീസംഘടനകള്‍ ഒപ്പുശേഖരണവും നടത്തി. എന്നാല്‍, തനിക്കെതിരായ  പരാതികള്‍ കെട്ടിച്ചമച്ചതാണെന്നാണ് ഷണ്‍മുഖനാഥന്‍െറ വിശദീകരണം. രാജ്ഭവനിലത്തെുന്ന പെണ്‍കുട്ടികളെ മകളെപ്പോലെയോ കൊച്ചുമകളെപ്പോലെയോ ആണ് താന്‍ കാണുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി.തമിഴ്നാട്ടിലെ തഞ്ചാവൂരില്‍നിന്ന് ആര്‍.എസ്.എസുകാരനായി വളര്‍ന്ന് ബി.ജെ.പിയുടെ നേതാവായി മാറിയ ഇദ്ദേഹം 2015 മേയ് 20നാണ് മേഘാലയ ഗവര്‍ണറായത്. ജെ.പി. രാജ്ഖോവയെ നീക്കിയതിനെ തുടര്‍ന്ന് 2016 സെപ്റ്റംബര്‍ 16ന് അദ്ദേഹത്തിന് അരുണാചലിന്‍െറ  അധിക ചുമതലയും നല്‍കുകയായിരുന്നു.
 

Tags:    
News Summary - Meghalaya governor resigned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.