കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മേഘാലയ ഗവർണർ സത്യപാൽ മാലിക്. കർഷക സമരവും സെൻട്രൽ വിസ്ത പദ്ധതിയും സൂചിപ്പിച്ചുകൊണ്ടായിരുന്നു സത്യപാൽ മാലികിന്‍റെ വിമർശനം.
ഒരു പട്ടി ചത്താൽ പോലും അനുശോചിക്കുന്ന ഡൽഹിയിലെ നേതാക്കൾ കർഷക സമരത്തിനിടെ 600 കർഷകർ മരിച്ചിട്ടും ദു:ഖം പ്രകടിപ്പിക്കാൻ പോലും തയാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കർഷകരോട് ആഭിമുഖ്യമുള്ളവർ സർക്കാറിലുണ്ടെങ്കിലും ഒന്നു രണ്ടാളുകളുടെ കടുംപിടുത്തമാണ് പ്രശ്നങ്ങളുടെ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
സമരം ചെയ്യുന്ന കർഷകർ ഡൽഹിയിൽ നിന്ന് വെറും കൈയ്യോടെ മടങ്ങില്ലെന്നും വിജയം േനടുമെന്നും അദ്ദേഹം പറഞ്ഞു. കർഷക സമരം സൈന്യത്തെയും ബാധിക്കും. കർഷകരുടെ മക്കളാണ് സൈന്യത്തിലുള്ളത്. അനീതി സംഭവിച്ചുകൊണ്ടിരുന്നൽ, ഒരു ദിവസം ജനങ്ങൾ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാറിനെ നയിക്കുന്നവരുടെ കോർപറേറ്റ് ചങ്ങാത്തത്തെയും സത്യപാൽ തുറന്നുകാട്ടി. പുതിയ കാർഷിക നിയമങ്ങൾ പാർലമെന്‍റ് പാസാക്കുന്നതിന് മുന്നെ, ഹരിയാനയിലെ പാനിപത്തിൽ അദാനി ഗ്രൂപ്പ് ഗോഡൗൺ സ്ഥാപിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
പുതിയ പാർലമെന്‍റ് കെട്ടിടമടങ്ങുന്ന സെൻട്രൽ വിസ്ത പദ്ധതിക്കെതിരെയും സത്യപാൽ വിമർശനമുന്നയിച്ചു. രാജ്യത്തിന് ഗുണമേൻമയുള്ള വിദ്യാഭ്യാസത്തിന്‍റെ കുറവാണുള്ളതെന്നും പുതിയ പാർലമെന്‍റിന് പകരം ലോക നിലവാരമുള്ള കോളേജ് സ്ഥാപിക്കുന്നതാണ് നല്ലെതന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി നേതാക്കൾക്കെതിരെ വിമർശനമുന്നയിക്കുന്നതിന്‍റെ പേരിൽ ഗവർണർ പദവി നഷ്ടപ്പെടുന്നതിനെ ഭയക്കുന്നില്ലെന്നും സത്യപാൽ മാലിക് പറഞ്ഞു.
മോദി സർക്കാറിന്‍റെ കാലത്താണ് സത്യപാൽ മാലികിനെ ഗവർണറായി നിയമിച്ചത്. മേഘാലയയിലെ ഗവർണറാകുന്നതിന് മുമ്പ് ഗോവയിലും ജമ്മു കാശ്മീരിലും ഗവർണറായിരുന്നു സത്യപാൽ മാലിക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.