‘അമിത് ഷാ കൊലക്കേസ് പ്രതി’ എന്ന പരാമർശം; രാഹുൽ ഗാന്ധിക്ക് ജാമ്യം

ലഖ്നോ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ 2018ൽ നടത്തിയ പരാമർശത്തി​ന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സുൽത്താൻ പൂരിലെ പ്രത്യേക കോടതിയിൽ ഹാജരായി. കോടതി രാഹുലിന് ജാമ്യം അനുവദിച്ചു. ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്.

രാവിലെ 11നാണ് കനത്ത സുരക്ഷാ സന്നാഹത്തിൽ രാഹുൽ കോടതിയിൽ ഹാജരായത്. 25 മിനിറ്റിനുശേഷം പുറത്തേക്കുവന്ന അദ്ദേഹം റായ് ബറേലിയിലേക്ക് തിരിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയുടെ തിരക്കിലായതിനാൽ ജനുവരി 18ന് രാഹുലിന് കോടതിയിൽ ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. കേസിൽ അടുത്ത വാദം മാർച്ച് രണ്ടിന് നടക്കും.

2018 മേയിൽ കർണാടക തെരഞ്ഞെടുപ്പ് സമയത്ത് ബംഗളൂരുവിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് അമിത് ഷാക്കെതിരെ രാഹുൽ വിവാദ പരാമർശം നടത്തിയത്. ‘ശുദ്ധമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നുവെന്ന് ബി.ജെ.പി അവകാശപ്പെടുന്നുണ്ടെങ്കിലും കൊലപാതകക്കേസിൽ കുറ്റാരോപിതനായ വ്യക്തിയാണ് പാർട്ടി പ്രസിഡന്റായിരിക്കുന്നത്’ എന്നായിരുന്നു പരാമർശം.

ഈ സമയത്ത് അമിത് ഷായായിരുന്നു ബി.ജെ.പി പ്രസിഡന്റ്. 2005ൽ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരിക്കേയുണ്ടായ വ്യാജ ഏറ്റുമുട്ടൽ കേസിൽ മും​ബൈയിലെ പ്ര​ത്യേക സി.ബി.ഐ കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കിയത് രാഹുലി​ന്റെ വിവാദ പരാമർശത്തിന് നാലുവർഷം മുമ്പാണ്.

Tags:    
News Summary - Mention of 'Amit Shah is a murder case accused'; Bail for Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.