മലപ്പുറം ജില്ല ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത്​ നിയമവിരുദ്ധമെന്ന്​ റിസർവ്​ ബാങ്ക്​ ഹൈകോടതിയിൽ

കൊച്ചി: മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത്​ നിയമവിരുദ്ധമെന്ന്​ റിസർവ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ ഹൈകോടതിയിൽ. ലയനം സാധ്യമാക്കാൻ കേരള സഹകരണ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾക്ക്​ എതിരാണ്​. ജനറൽബോഡിയുടെ അനുമതിയില്ലാതെതന്നെ പൊതുതാൽപര്യം കണക്കിലെടുത്ത് ജില്ല ബാങ്കിനെ സംസ്ഥാന ബാങ്കിൽ ലയിപ്പിക്കാമെന്നായിരുന്നു​ ഭേദഗതി​. സഹകരണ ബാങ്ക് നിക്ഷേപങ്ങൾക്ക്​ ഇൻഷുറൻസ്​ പരിരക്ഷ ഉറപ്പാക്കുന്ന കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾക്ക്​ വിരുദ്ധമാണിത്​. അതിനാൽ നിയമ ഭേദഗതിയും ലയനവും അസാധുവായി പ്രഖ്യാപിക്കണമെന്ന്​ റിസർവ്​ ബാങ്ക് അസി. ജനറൽ മാനേജർ ടി.ആർ. സൂരജ് മേനോൻ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. മലപ്പുറം ബാങ്കിനെ ലയിപ്പിച്ചത് ചോദ്യംചെയ്യുന്ന ഹരജിയിലാണ് വിശദീകരണം.

ബാങ്കുകളുടെ ലയനം ആർ.ബി.ഐയുടെ മുൻകൂർ അനുമതിയോടെ വേണമെന്നാണ്​ നിയമം. എന്നാൽ, കേരള സ്റ്റേറ്റ് കോഓപറേറ്റിവ് സൊസൈറ്റീസ് ആക്ടിൽ 74 എച്ച് വകുപ്പ് ഭേദഗതിയിലൂടെ കൂട്ടിച്ചേർത്തപ്പോൾ സംസ്ഥാന സർക്കാറിന്​ ആർ.ബി.ഐയുടെ മുൻകൂർ അനുമതിയില്ലാതെ ജില്ല സഹകരണ ബാങ്കുകളെ ലയിപ്പിക്കാമെന്നായി. മലപ്പുറം ജില്ല ബാങ്കിനെ ഇത്തരത്തിലാണ് ലയിപ്പിച്ചത്.

നിക്ഷേപങ്ങൾക്ക്​ ഇൻഷുറൻസ്​ പരിരക്ഷ ലഭിക്കാൻ ബാങ്ക് രജിസ്റ്റർ ചെയ്യുമ്പോൾ ഡെപ്പോസിറ്റ് ഇൻഷുറൻസ്​ ആൻഡ്​​ ക്രെഡിറ്റ് ഗാരന്റി കോർ​പറേഷൻ (ഡി.ഐ.സി.ജി.സി) ആക്ടിലെ വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. ഈ ആക്ടിലെ വ്യവസ്ഥകൾക്ക്​ വിരുദ്ധമായി ആർ.ബി.ഐയുടെ മുൻകൂർ അനുമതിയില്ലാതെ ബാങ്കിനെ ലയിപ്പിച്ചതോടെ നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

ജനറൽബോഡി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിയാലേ ബാങ്ക് ലയനം സാധ്യമാകൂ എന്നായിരുന്നു 1969ൽ നിലവിൽവന്ന സഹകരണ നിയമത്തിൽ പറഞ്ഞിരുന്നത്. ആർ.ബി.ഐയുടെ മുൻകൂർ അനുമതി രേഖാമൂലം വേണമെന്നും നിഷ്കർഷിച്ചിരുന്നു. എന്നാൽ, 2019ൽ ജനറൽബോഡിയിലെ കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ ബാങ്ക് ലയനത്തിന് അനുമതി കൊടുക്കാം എന്ന ഭേദഗതി കൊണ്ടുവന്നു. ഇതിന് പിന്നാലെയാണ്​ ജനറൽബോഡി പ്രമേയം പാസാക്കിയില്ലെങ്കിലും പൊതുതാൽപര്യം കണക്കിലെടുത്ത് ജില്ല ബാങ്കിനെ ലയിപ്പിക്കാം എന്ന ഭേദഗതി 2021ൽ കൊണ്ടുവന്നത്.

Tags:    
News Summary - merging of Malappuram District Bank with Kerala Bank is illegal says reserve bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.