അൺലോക്ക്​ 4: രാജ്യത്ത്​ മെട്രോ സർവീസുകൾ പുനഃരാരംഭിച്ചു


ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ മഹാമാരിയെ തുടർന്ന്​ അഞ്ച്​ മാസമായി നിർത്തിവെച്ച മെട്രോ ട്രെയിൻ സർവീസ്​ പുനഃരാരംഭിച്ചു. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാണ്​ സർവീസ്​ നടത്തുക. രോഗലക്ഷണങ്ങളില്ലാത്തവർക്ക്​ മാത്രമാണ്​ ട്രെയിൻ യാത്ര അനുവദിക്കുക. കണ്ടെയ്​ൻമെൻറ്​ സോണുകളിലെ സ്​റ്റേഷനുകൾ തുറന്ന​ു പ്രവർത്തിക്കില്ല.

സ്​ക്രീനിംഗിന് ശേഷമായിരിക്കും യാത്രക്കാരെ ട്രെയിനുകളിലേക്ക് പ്രവേശിപ്പിക്കുക. സാമൂഹിക അകലം പാലിച്ചാണ്​ യാത്രക്കാർ ഇരിക്കേണ്ടത്​. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന എല്ലാ യാത്രക്കാരും ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.

കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഡൽഹി, നോയിഡ, ചെന്നൈ, കൊച്ചി, ബംഗളൂരു, മുംബൈ ലൈന്‍ -1, ജയ്പൂര്‍, ഹൈദരാബാദ്, മഹാ മെട്രോ (നാഗ്പൂര്‍), കൊല്‍ക്കത്ത, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ മെട്രോ അധികൃതര്‍ തങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ തയാറാക്കിയിട്ടുണ്ട്. കോവിഡ്​ അതിവ്യാപനമുള്ള മഹാരാഷ്ട്രയിൽ ഈ മാസം മെട്രോ സര്‍വീസുകള്‍ ആരംഭിക്കില്ല.

മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പണമിടപാടുകളും ടോക്കണ്‍ സൗകര്യങ്ങളും പരമാവധി നിരുത്സാഹപ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. മേക്ക്​ മൈ ട്രിപ്പ്​, ഫോൺ പേ, പേ ടി.എം തുടങ്ങിയ ആപ്പുകളിലൂടെ യാത്രക്കാർക്ക്​ ടിക്കറ്റ്​ പ്രീബുക്ക്​ ചെയ്യാം. യാത്രക്കാരോട് സംസാരം പരമാവധി ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരോ അഞ്ചു മിനിറ്റിലും ട്രെയിനുകൾ സർവീസ്​ നടത്തും. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചുവെന്ന്​ ഉറപ്പാക്കുന്നതിന്​ ആയിരത്തിലധികം ജീവനക്കാരെ കൂടി താൽക്കാലികമായി നിയമിച്ചിട്ടുണ്ട്​.

അതേസമയം, കൊച്ചി മെട്രോയുടെ പുതിയ പാത ഇന്ന്​ തുറന്നു നൽകും. വെർച്വൽ ഉദ്​ഘാടനചടങ്ങിൽ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്​പുരി  മുതല്‍ പേട്ട വരെയുള്ള പുതിയ പാത യാത്രക്കാർക്കായി തുറന്നു നൽകും. ആദ്യ ട്രെയിന്‍ 12.30ന് പേട്ടയില്‍ നിന്ന് പുറപ്പെടും. പുതിയ പാതയുടെ നിർമാണം മേയില്‍ തന്നെ പൂർത്തിയായെങ്കിലും കോവിഡിനെ തുടര്‍ന്ന് തുറന്നുനൽകുന്നത്​ വൈകുകയായിരുന്നു. പുതിയ പാത വന്നതോടെ ആകെ സ്‌റ്റേഷനുകളുടെ എണ്ണം 22 ആയി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.