ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കം ചർച്ചകളിലൂടെ പരിഹരിക്കാനായില്ലെങ്കിൽ അടുത്ത ഘട്ടം സൈനിക നടപടിയെന്ന് സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത്. കിഴക്കൻ ലഡാക് ഉൾപ്പെടെ ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിൽ ചൈനീസ് സൈന്യം അതിക്രമിച്ചുകയറിയതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് വേണ്ടിവന്നാൽ സൈനിക നടപടിക്ക് ഇന്ത്യ തയാറാണെന്ന് സേന മേധാവി മുന്നറിയിപ്പു നൽകിയത്. എന്ത് നടപടിക്കും സൈന്യം സുസജ്ജമാണെന്നും ചർച്ചകൾ അന്തിമമായി പരാജയപ്പെട്ടാൽ മാത്രമേ സൈനിക നടപടി ആലോചിക്കൂവെന്നും ജനറൽ കൂട്ടിച്ചേർത്തു. എന്നാൽ, സൈനിക നടപടി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സേന മേധാവി തയാറായിട്ടില്ല.
കിഴക്കൻ ലഡാക്, ഫിംഗർ ഏരിയ, ഗൽവാൻ വാലി, ഹോട്ട് സ്പ്രിങ്, കോംഗുറങ് നള തുടങ്ങി ഇന്ത്യയുടെ തന്ത്രപ്രധാന അതിർത്തി മേഖലകളിലാണ് ഏപ്രിൽ-മേയിലായി ചൈനീസ് സൈന്യം അതിക്രമിച്ചുകയറി നിർമാണ പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യൻ സൈന്യം തടയാൻ ശ്രമിച്ചതോടെ സംഘർഷം ഉടലെടുത്തു. തുടർന്ന് ജൂൺ 15ന് ഗൽവാൻ താഴ്വരയിൽ ഇരു സൈന്യവും നേർക്കുനേർ ഏറ്റുമുട്ടുകയും 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.
ചൈനീസ് ഭാഗത്തും കനത്ത നഷ്ടം സംഭവിച്ചു. പിന്നാലെ തർക്കം പരിഹരിക്കുന്നതിന് സൈനിക, നയതന്ത്ര തലത്തിൽ ചർച്ചകൾ ആരംഭിച്ചെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. തുടർ ചർച്ചകൾ വേണമെന്ന നിലപാടിലാണ് ഇരു രാജ്യങ്ങളും. ഇക്കഴിഞ്ഞ വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ നയതന്ത്ര തലത്തിൽ വീണ്ടും ചർച്ച നടത്തിയിരുന്നു. നിലവിലെ കരാറുകൾ പ്രകാരം യഥാർഥ നിയന്ത്രണ രേഖയിൽ തൽസ്ഥിതി നിലനിർത്താനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ദ്രുതഗതിയിലുള്ള നടപടി സ്വീകരിക്കുമെന്ന് ഇരു രാജ്യങ്ങളും ഉറപ്പുനൽകിയിട്ടുണ്ട്.
എന്നാൽ, സംഘർഷ മേഖലകളിൽനിന്ന് പൂർണമായും പിന്മാറാൻ ചൈനീസ് സൈന്യം ഇനിയും തയാറായിട്ടില്ലെന്നാണ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.