ബംഗളൂരു: മാണ്ഡ്യ കെ.ആർ പേട്ടിലെ ബി.ജെ.പി എം.എൽ.എയും കായിക മന്ത്രിയുമായ കെ.സി. നാരായണ ഗൗഡ കോൺഗ്രസിൽ ചേരുമെന്ന് സൂചന. ചിത്രദുർഗയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, കൃഷി മന്ത്രി ബി.സി. പാട്ടീലാണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി മന്ത്രിയായ ഒരാൾ തിരിച്ച് കോൺഗ്രസിലേക്ക് പോകുന്നുവെന്ന ഊഹാപോഹങ്ങൾ ഉയർന്നിരുന്നു.
മന്ത്രി നാരായണ ഗൗഡയായിരിക്കുമത് എന്ന് തനിക്ക് വിവരം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ, കോൺഗ്രസിൽനിന്നും ജെ.ഡി-എസിൽനിന്നും നിരവധി നേതാക്കൾ ബി.ജെ.പിയിലെത്തുമെന്ന് ബി.സി. പാട്ടീൽ അവകാശപ്പെട്ടു. ജെ.ഡി-എസിന്റെ കെ.ആർ പേട്ട് എം.എൽ.എയായിരുന്ന നാരായണ ഗൗഡ ഓപറേഷൻ താമരയുടെ ഭാഗമായി ബി.ജെ.പിയിലേക്ക് കൂടുമാറുകയായിരുന്നു. പിന്നീട് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി കെ.ആർ പേട്ടിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടതോടെ മാണ്ഡ്യ ജില്ലയിൽ ആദ്യമായി ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചിരുന്നു. ഇത്തവണ ബി.ജെ.പി ടിക്കറ്റിൽ പരാജയ സാധ്യത മുന്നിൽ കാണുന്ന നാരായണ ഗൗഡ കോൺഗ്രസിലേക്ക് ചുവടുമാറുമെന്നാണ് വിവരം.
അതേസമയം, കെ.സി. നാരായണ ഗൗഡയെ കോൺഗ്രസിൽ ഉൾപ്പെടുത്തുന്നതിന് മാണ്ഡ്യയിൽ കോൺഗ്രസ് പ്രവർത്തകർ എതിരാണ്. കഴിഞ്ഞദിവസം ഡി.സി.സി പ്രസിഡന്റ് ‘പ്രജധ്വനി യാത്ര’യുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗത്തിൽ വാക്കേറ്റവും ബഹളവും നടന്നിരുന്നു. ഡി.സി.സി പ്രസിഡന്റിന്റെ കാറിന് നേരെ പ്രവർത്തകർ മുട്ടയെറിയുകയും ചെയ്തു. നാരായണ ഗൗഡക്കെതിരെ ഫ്ലക്സ് ബോർഡുകളും ബാനറുകളും കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയിട്ടുണ്ട്. നാരായണ ഗൗഡ കോൺഗ്രസിൽ ചേർന്നാൽ ആ യോഗത്തിനുനേരെ കല്ലേറ് നടത്തുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.