ബിൽകീസ്ബാനു കേസിലെ പ്രതികളെ വിട്ടത് മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിലെന്ന് മന്ത്രി മുരളീധരൻ

ന്യൂഡൽഹി: ബിൽകീസ് ബാനു കേസിൽ 11 കുറ്റവാളികളെയും ശിക്ഷാ ഇളവ് നൽകി ജയിലിൽ നിന്ന് വിട്ടതിനെയും അവരുടെ കാൽതൊട്ടു വണങ്ങി ലഡു നൽകി സ്വീകരിച്ചതിനെയും ന്യായീകരിച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.

ബിൽകീസ് ബാനു കേസിലെ കുറ്റവാളികളുടെ മോചനം നൽകുന്ന സന്ദേശമെന്താണെന്ന വാർത്താലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കോടതി ശിക്ഷിച്ച് 15ഉം 20 ​ഉം കൊല്ലം ജയിലിൽ കിടന്നവരെ മോചിപ്പിച്ചത് ഇതാദ്യമല്ലെന്ന് മുരളീധരൻ വാദിച്ചു. കേരളത്തിൽ തന്നെ എത്രയോ കേസുകളിൽ ഇങ്ങനെ മോചിപ്പിച്ചിട്ടുണ്ട്. മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിലാണ് വിട്ടത്. മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ പ്രതികളെ മോചിപ്പിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ജയിലിൽ നിന്ന് ഇറങ്ങിയ കുറ്റവാളികളെ വി.എച്ച്.പിയും മറ്റും ചേർന്ന് സ്വീകരിച്ചതു തെറ്റല്ലെന്ന വാദവും മുരളീധരൻ മുന്നോട്ടു വെച്ചു. ജയിലിൽ നിന്ന് ഇറങ്ങിയ എസ്.എഫ്.ഐ സംസ്ഥാന സെ​ക്രട്ടറിയെ കേരള പൊലീസിനു മുമ്പിൽ വെച്ചല്ലേ പൂമാലയിട്ട് ആദരിച്ചു സ്വീകരിച്ചത്? ജയിലിൽ നിന്ന് ഇറങ്ങി വരുന്നവരെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സ്വീകരിക്കും. അത് സ്വാഭാവികമാണ്. ഇതൊന്നും സർക്കാർ നയമല്ല. ബി.ജെ.പിയും സ്വീകരിച്ചിട്ടില്ല -മുരളീധരൻ കൂട്ടിച്ചേർത്തു.

സ്ത്രീയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്ന സമീപനമാണ് മോദിസർക്കാറിന്റേതെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിലും അക്കാര്യം പരാമർശിച്ചതാണെന്നും മുരളീധരൻ പറഞ്ഞു. 

2002 ലെ ഗുജറാത്ത് കലാപക്കേസുകളിൽ ഏറ്റവും അധികം രാജ്യശ്രദ്ധനേടിയ കേസുകളിലൊന്നായിരുന്നു ബിൽകീസ് ബാനു കേസ്. ഗർഭിണിയായ 21 കാരി ബിൽകീസ് ബാനുവിനെ കുടുംബാംഗങ്ങൾക്ക് മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്യുകയും ഏഴ് കുടുംബാംഗങ്ങളെ നിഷ്കരുണം കൊലപ്പെടുത്തുകയുമായിരുന്നു. കൊല്ലപ്പെട്ടവരിൽ ബൽകീസ് ബാനുവിന്റെ പിഞ്ചുമോളും ഉണ്ടായിരുന്നു. അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽകീസ് ബാനു മരിച്ചു എന്നു കരുതിയാണ് അക്രമി സംഘം സ്ഥലം വിട്ടത്.

സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് സി.ബി.ഐ അന്വേഷിച്ച കേസാണ് ബിൽകീസ് ബാനു കേസ്. 2008 ൽ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തെളിവുകളുടെ അഭാവം ചൂണ്ടികാണിച്ച് ഏഴു പ്രതികളെ വെറുതെ വിടുകയും ചെയ്തു. പിന്നീട്, ബോംബെ ഹൈകോടതി 11 പേരുടെ ശിക്ഷ ശരിവെക്കുകയും ഏഴു പേരെ വെറുതെ വിട്ട നടപടി റദ്ദാക്കുകയും ചെയ്തു.

തുടർന്നാണ്, കുറ്റവാളികൾ സുപ്രീം കോടതിയെ സമീപിച്ചത്. ഗുജറാത്ത് സർക്കാറിനോട് തീരുമാനമെടുക്കാൻ ആവശ്യപ്പെടുകയാണ് സുപ്രീം കോടതി ചെയ്തത്. ഗുജറാത്ത് സർക്കാർ അതിനായി ഒരു സമിതിയെ നിയമിക്കുകയും പ്രതികളെ മോചിപ്പിക്കാൻ സമിതി തീരുമാനമെടുക്കുകയുമായിരുന്നു.

Tags:    
News Summary - Minister Muralidharan said that the culprits were released on the basis of humanitarian considerations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.