ന്യൂഡൽഹി: പൊതുമേഖല ബാങ്കുകൾക്ക് കനത്ത നഷ്ടമുണ്ടാക്കിയ കോർപറേറ്റ് സ്ഥാപനവുമായുള്ള ബന്ധംമൂലം റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ വിവാദത്തിൽ. മുംബൈയിലെ ഷിർദി ഇൻഡസ്ട്രീസ് എന്ന സ്വകാര്യ കമ്പനിയുമായുള്ള ബന്ധമാണ് മന്ത്രിയെ പ്രതിക്കൂട്ടിലാക്കിയത്. 2008 മുതൽ 2010 വരെ ഷിർദി ഇൻഡസ്ട്രീസിെൻറ ചെയർമാനും മുഴുസമയ ഡയറക്ടറുമായിരുന്നു പിയൂഷ് ഗോയൽ. യൂനിയൻ ബാങ്ക് ഒാഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പൊതുമേഖല ബാങ്കുകളുടെ കൺസോർട്യം മുഖേന 259 കോടി രൂപ ഇക്കാലയളവിൽ കമ്പനി വായ്പയെടുത്തിരുന്നു. പിന്നീട് ഡയറക്ടർ ബോർഡിൽനിന്ന് പിയൂഷ് ഗോയൽ രാജിവെച്ചു.
അധികം വൈകാതെ, വായ്പ തിരിച്ചടക്കാൻ ശേഷിയില്ലാത്ത രോഗാതുര സ്ഥാപനമായി ഷിർദി ഇൻഡസ്ട്രീസിനെ പ്രഖ്യാപിച്ചു. മോദിസർക്കാർ അധികാരത്തിൽ വന്നശേഷം കമ്പനിയുടെ മൊത്തം വായ്പ കുടിശ്ശികയായ 652 കോടിയിൽ 65 ശതമാനവും എഴുതിത്തള്ളി. രാകേഷ് അഗർവാൾ, മുകേഷ് ബൻസാൽ എന്നിവരാണ് ഇൗ കമ്പനിയെ നിയന്ത്രിച്ചുപോന്നത്. ഷിർദി ഇൻഡസ്ട്രീസിെൻറ സഹോദരസ്ഥാപനമായ അസിസ് ഇൻഡസ്ട്രീസ് 2015-16 സാമ്പത്തികവർഷത്തിൽ ഇൻറർകോൺ അഡ്വൈസേഴ്സ് എന്ന സ്ഥാപനത്തിന് 1.59 കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. പിയൂഷ് ഗോയലിെൻറ ഭാര്യ സീമ ഗോയലിെൻറ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഇൻറർകോൺ അഡ്വൈസേഴ്സ്. ഇൗ കമ്പനിയിൽ 2005 മുതൽ 2013 വരെ പിയൂഷ് ഗോയൽ ഡയറക്ടറായിരുന്നു.
പൊതുമേഖല ബാങ്കുകളിലെ വായ്പ തട്ടിപ്പിെൻറ തുടർച്ചയെന്ന നിലയിലാണ് പിയൂഷ് ഗോയൽ ഉൾപ്പെട്ട വിഷയം ഉയർന്നുവന്നിരിക്കുന്നത്. പൊതുമേഖല ബാങ്കുകൾ കോർപറേറ്റുകൾക്ക് നൽകിയ വായ്പയിൽ 2.42 ലക്ഷം കോടി രൂപ മോദിസർക്കാർ അധികാരത്തിൽ വന്നശേഷം എഴുതിത്തള്ളിയെന്ന കണക്ക് സർക്കാർ രാജ്യസഭയെ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. പിയൂഷ് ഗോയലിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും സുപ്രീംകോടതി സിറ്റിങ് ജഡ്ജിയെക്കൊണ്ട് വിഷയം അന്വേഷിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഒരു എതിർപ്പും മുന്നോട്ടുവെക്കാതെയാണ് ഇത്രയും ഭീമമായ തുക എഴുതിത്തള്ളിയതെന്ന് കോൺഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, വീരപ്പ മൊയ്ലി എന്നിവർ ആരോപിച്ചു. ബാങ്ക് കുംഭകോണം വഴി 61,036 കോടി രൂപയുടെ തട്ടിപ്പ് നടന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും മൗനം തുടരുകയാണെന്നും അവർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.