ന്യൂഡൽഹി: ന്യൂനപക്ഷക്ഷേമ പദ്ധതികളുടെ നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കടുത്ത വീഴ്ചവരുത്തിയെന്ന് പാർലമെൻററി സമിതി. 2020-21 സാമ്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ബജറ്റിൽ അനുവദിച്ച ഫണ്ടിെൻറ ഭൂരിഭാഗവും ഉപയോഗിച്ചിട്ടില്ല.
രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങളിലെ വിദ്യാർഥികളുടെ പഠന പ്രോത്സാഹനത്തിന് അനുവദിക്കേണ്ട സ്കോളർഷിപ്പുകളുടെ വിതരണം ഏറെ പരിതാപകരമാണ്. ചില സംസ്ഥാനങ്ങളിൽ 'വ്യാജ വിദ്യാർഥി'കൾക്കാണ് ലഭിച്ചത്. ഫണ്ടിെൻറ കടുത്ത ദുർവിനിയോഗം നടന്നതായും ബിഹാറിൽനിന്നുള്ള ബി.ജെ.പി അംഗം രമാദേവി അധ്യക്ഷയായ സാമൂഹിക നീതി-ശാക്തീകരണ പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. പാസ്വേഡുകൾ ചോർത്തിനൽകിയാണ് സ്കോളർഷിപ് വിതരണം നടത്തിയതെന്നും ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.
അപേക്ഷകരുടെ വിവരങ്ങൾ വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അതീവ ശ്രമകരമാണ്. അതിനാൽ, ഈ സാമ്പത്തിക വർഷം സ്കോളർഷിപ് വിതരണം നടത്താനാകുമോ എന്നകാര്യം സംശയകരമാണ്. ന്യൂനപക്ഷക്ഷേമ വകുപ്പിന് നേരത്തേ അനുവദിച്ച 5,029 കോടി രൂപയുടെ വിഹിതം 4,005 കോടിയാക്കി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. ഈ തുകപോലും യഥാവിധി വിനിയോഗിക്കപ്പെട്ടില്ല. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ മേൽനോട്ടത്തിന് പാർലമെൻററിതല സമിതികളെ നിയോഗിക്കണം. മന്ത്രാലയ അധികൃതർ നേരിട്ടെത്തി പ്രവർത്തനങ്ങൾ വേണ്ടവിധം നടക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. സ്കൂൾ അധികൃതർ, ബാങ്കുകളിലെ ഇടനിലക്കാർ, സന്നദ്ധ സംഘടനകൾ തുടങ്ങി ആർക്കും ചൂഷണത്തിനും ഫണ്ട് വെട്ടിപ്പിനും അവസരം നൽകിക്കൂടാ. സജീവമല്ല എന്നപേരിൽ വിദ്യാർഥികളുടെ അക്കൗണ്ടുകൾ റദ്ദാക്കുന്ന നടപടിയിൽനിന്ന് ബാങ്കുകൾ പിന്തിരിയണം. അനുവദിക്കപ്പെട്ട സ്കോളർഷിപ് തുക ബാങ്ക് അക്കൗണ്ട് റദ്ദാക്കിയതുമൂലം കേന്ദ്രത്തിലേക്ക് മടങ്ങുന്ന സംഭവങ്ങളുമുണ്ട്.
ന്യൂനപക്ഷ സമൂഹങ്ങളിലെ യുവജനങ്ങൾക്ക് ഔപചാരിക വിദ്യാഭ്യാസവും തൊഴിൽപരിശീലനവും തൊഴിലും ലഭ്യമാക്കാനെന്നപേരിൽ ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച നയീ മൻസിൽ പദ്ധതിയും ഉദ്ദേശിച്ച ഫലം നൽകുന്നില്ല. ലോകബാങ്ക് സഹായമുൾപ്പെടെ ലഭിച്ച പദ്ധതിയിൽ ചേർന്ന 98,311പേരിൽ 26,312 ആളുകൾക്ക് മാത്രമാണ് തൊഴിലവസരങ്ങൾ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.