ന്യൂഡൽഹി: മുസ്‍ലിംകളെ മാത്രം ഒഴിവാക്കി മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന പുതിയ പൗരത്വ ഭേദഗതി ചട്ടങ്ങൾക്കെതിരെ പ്രതികരിച്ച അമേരിക്കയുടെ നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ. സി.എ.എ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തെ കുറിച്ച് പരിമിത ധാരണയുള്ളവർ നിയമ നിർമാണത്തെ കുറിച്ച് തെറ്റായതും അനാവശ്യവുമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കരുത്. ഇന്ത്യ സ്വീകരിച്ച നടപടിയുടെ ഉദ്ദേശ്യത്തെ രാജ്യത്തിന്‍റെ പങ്കാളികളും അഭ്യുദയകാംക്ഷികളും സ്വാഗതം ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി നിയമം പൗരത്വം നൽകുന്നതിനെ കുറിച്ചാണ്, അല്ലാതെ പൗരത്വം ഇല്ലാതാക്കുന്നതിനല്ല. അതിന്‍റെ പിന്തുണക്കണം. രാജ്യമില്ലാത്ത അവസ്ഥയെ ചൂണ്ടിക്കാട്ടുന്നു. മനുഷ്യന് അന്തസ് നൽകുന്നു. മനുഷ്യാവകാശങ്ങളെ പിന്തുണക്കുന്നു. സി.എ.എ നടപ്പാക്കുന്നതിനെ കുറിച്ചുള്ള അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെന്‍റിന്‍റെ പ്രസ്താവനയും മറ്റ് നിരവധി പേരുടെ അഭിപ്രായങ്ങളും തെറ്റായതും അനാവശ്യവുമാണെന്ന് ജയ്സ്വാൾ വ്യക്തമാക്കി.
ഇന്ത്യയുടെ പുതിയ പൗരത്വ ഭേദഗതി ചട്ടങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭയും അമേരിക്കയും രംഗത്തു വന്നിരുന്നു. സി.എ.എ ചട്ടങ്ങളുടെ വിജ്ഞാപനത്തിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. നിയമം നടപ്പാക്കുന്നതെങ്ങനെയെന്ന് തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. നിയമത്തിൽ എല്ലാ സമുദായങ്ങൾക്കുമുള്ള മതസ്വാതന്ത്ര്യവും തുല്യപരിഗണനയും മാനിക്കേണ്ടത് ജനാധിപത്യ തത്ത്വങ്ങളുടെ അടിസ്ഥാനമാണെന്നും വക്താവ് കൂട്ടിച്ചേർത്തു.
വിവാദ നിയമം മൗലികമായി വിവേചനപരമായ സ്വഭാവമുള്ളതാണെന്നും ഇന്ത്യയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ കരാറുകളുടെ ലംഘനമാണെന്നും മനുഷ്യാവകാശങ്ങൾക്കുള്ള യു.എൻ ഹൈകമീഷണറുടെ വക്താവ് കുറ്റപ്പെടുത്തിയത്. 2019ൽ തങ്ങൾ പറഞ്ഞതു പോലെ അടിസ്ഥാനപരമായി വിവേചന സ്വഭാവമുള്ളതാണ് പൗരത്വ നിയമ ഭേദഗതി. നിയമത്തിന്റെ ചട്ടങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുമായി ചേർന്നുനിൽക്കുമോ എന്ന കാര്യം പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് വക്താവ് ‘റോയിട്ടേഴ്സി’നോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.