ന്യൂഡൽഹി: രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖറിൽ അവിശ്വാസം രേഖപ്പെടുത്തിയ ഇൻഡ്യ സഖ്യവുമായി സർക്കാറും ചെയർമാനും ഏറ്റുമുട്ടലിന്.
തന്നെ നീക്കാനുള്ള പ്രമേയത്തിന് അനുമതി തേടി ഇൻഡ്യ സഖ്യം നോട്ടീസ് നൽകിയ ശേഷം സഭയിലെത്തിയ രാജ്യസഭ ചെയർമാൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധിയെയും പേരെടുത്ത് വിമർശിക്കാൻ ചട്ട വിരുദ്ധമായി സർക്കാറിനും ബി.ജെ.പിക്കും അവസരം നൽകി. 11 മണിക്കും 12 മണിക്കും രണ്ടു തവണ സഭ വിളിച്ചുചേർത്താണ് ഇതിന് ഭരണപക്ഷത്തിന് അവസരമൊരുക്കിയത്.
പാർലമെന്ററി മര്യാദകളുടെ സീമകൾ ലംഘിച്ച് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞ ശേഷം പ്രതിപക്ഷത്തെ മിണ്ടാൻ അനുവദിക്കാതെ സഭ നിർത്തിവെക്കുകയും ചെയ്തു.
സഭയിൽ തങ്ങളെ മിണ്ടാൻ അനുവദിക്കാത്ത ചെയർമാനെതിരെ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ഇൻഡ്യ നേതാക്കളും ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വാർത്തസമ്മേളനം വിളിച്ച് അതിരൂക്ഷമായ ഭാഷയിൽ പ്രത്യാക്രമണം നടത്തി.
സഭ നടപടികൾ ഏറ്റവും കൂടുതൽ തടസ്സപ്പെടുത്തുന്നത് ചെയർമാൻതന്നെയാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന് നീക്കംചെയ്യാൻ തങ്ങൾക്ക് നോട്ടീസ് നൽകേണ്ടിവന്നതെന്നും ഖർഗെ പറഞ്ഞു.
രാജ്യസഭയിലേക്ക് ബുധനാഴ്ച രാവിലെ 11 മണിക്ക് ചെയർമാൻ ജഗ്ദീപ് ധൻഖർ കടന്നുവന്നപ്പോൾതന്നെ ഇൻഡ്യ സഖ്യം നൽകിയ നോട്ടീസിന്റെ ആഘാതം പ്രകടമായിരുന്നു. ഭരണപക്ഷം ജയ് ശ്രീറാം മുഴക്കിക്കൊണ്ടിരിക്കുമ്പോൾ പതിവില്ലാത്ത തരത്തിൽ പ്രതിപക്ഷ ബെഞ്ചിനുനേരെ നോക്കി ധൻഖർ ഏറെ നേരം കൈകൂപ്പി നിന്നു.
സഭരേഖകൾ മേശപ്പുറത്ത് വെച്ചതിന് പിന്നാലെ ചട്ടവിരുദ്ധമായി സോണിയക്കും രാഹുലിനുമെതിരെ സഭയിൽ ആരോപണമുന്നയിച്ചതിന് വിമർശനം നേരിടുന്ന പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിനെ സംസാരിക്കാനായി വിളിച്ചു.
എന്നാൽ, ചെയർമാനെതിരെ തങ്ങൾ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഇതിലെന്ത് തീരുമാനമെടുത്തുവെന്ന് പറയണമെന്നും പറഞ്ഞ് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് എഴുന്നേറ്റു. അതറിയാമെന്നും ആരെ രക്ഷിക്കാനാണ് ആ നോട്ടീസ് നൽകിയതെന്ന് എനിക്ക് പറയാനാവില്ലെന്നുമായിരുന്നു ധൻഖറിന്റെ മറുപടി.
തുടർന്നങ്ങോട്ട് റിജിജുവിന്റെ ആക്രമണമായിരുന്നു. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പേരെടുത്ത് ആക്രമിച്ച റിജിജു അവർക്ക് ജോർജ് സോറോസുമായുള്ള ബന്ധം ചർച്ചയാകാതിരിക്കാനാണ് ഉപരാഷ്ട്രപതിക്കെതിരെ നോട്ടീസ് നൽകിയതെന്ന് ആരോപിച്ചു.
രാജ്യസഭയുടെ അന്തസ്സ് കാക്കുന്ന ഒരു കർഷകന്റെ മകനായ ധൻഖറിനെതിരെ നൽകിയ നോട്ടീസിനെ എന്തു വിലകൊടുത്തും പരാജയപ്പെടുത്തുമെന്നും റിജിജു പറഞ്ഞു.
11 മണി വരെ നിർത്തിവെച്ച സഭ 12 മണിക്ക് വീണ്ടും ചേർന്നപ്പോൾ ഉപാധ്യക്ഷൻ ഹരിവൻഷ് സോണിയക്കും രാഹുലിനുമെതിരായ സോറോസ് ബന്ധം വീണ്ടും ആരോപിക്കാനായി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെ വിളിച്ചു.
നഡ്ഡക്ക് പിന്നിൽ അണിനിരന്ന് ബി.ജെ.പി എം.പിമാർ നടുത്തളത്തിന് അഭിമുഖമായി നിന്നതോടെ ‘മോദി -അദാനി കള്ളന്മാർ’ എന്ന മുദ്രാവാക്യവുമായി ഇൻഡ്യ സഖ്യം എം.പിമാർ ഒന്നടങ്കം മറുഭാഗത്തും അണിനിരന്നു. നഡ്ഡയെ വിളിച്ചത് പ്രതിപക്ഷം ചോദ്യംചെയ്തപ്പോൾ പ്രതിപക്ഷ ഉപനേതാവ് പ്രമോദ് തിവാരിയെ വിളിക്കുമെന്ന് ഹരിവൻഷ് പറഞ്ഞിരുന്നുവെങ്കിലും എന്തെങ്കിലും പറയാൻ അനുവദിക്കാതെ സഭ നിർത്തിവെച്ചു.
സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങി പ്രതിപക്ഷ നിരയിലെ പരിണതപ്രജ്ഞരായ പാർലമെന്റേറിയന്മാർക്ക് പാർലമെന്ററി മര്യാദ പഠിപ്പിച്ചുകൊടുക്കാനായി പ്രതിപക്ഷ -ഭരണപക്ഷ മുദ്രാവാക്യം വിളിക്കിടെ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെ ചെയർമാൻ വിളിച്ചു.
എഴുന്നേറ്റു നിൽക്കാൻ വയ്യാത്ത 91കാരനായ ദേവഗൗഡ ഇരിപ്പിടത്തിൽ ഇരുന്ന് പ്രതിപക്ഷത്തിനു നേരെ ആക്രമണം തുടങ്ങിയപ്പോഴേക്കും തൃണമൂൽ കോൺഗ്രസ് എം.പിമാർ പിറകിൽ വന്ന് അദ്ദേഹത്തിന്റെ മൈക്കിലൂടെ ഇത് നാണക്കേടെന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.