ഹൈദരാഹാദ്: പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ തനിക്കെതിരെ ഫയൽ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ. ആവശ്യമുന്നയിച്ച് അദ്ദേഹം തെലങ്കാന ഹൈകോടതിയെ സമീപിച്ചു. കേസിൽ കോടതി ഉടൻ വാദം കേൾക്കുമെന്നാണ് കരുതുന്നത്.
ഡിസംബർ നാലിന് ഹൈദരാഹാദിലെ സന്ധ്യ തിയറ്ററിൽ താരത്തെ കാണാൻ വൻ ജനക്കൂട്ടം തടിച്ചുകൂടിയപ്പോഴായിരുന്നു സംഭവം. രേവതി എന്ന 39കാരിയാണ് മരിച്ചത്. യുവതിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് ഡിസംബർ അഞ്ചിന് അല്ലു അർജുനും സുരക്ഷാ സംഘത്തിനും തിയേറ്റർ മാനേജ്‌മെന്‍റിനുമെതിരെ പൊലീസ് കേസെടുത്തു.
ഭാരതീയ ന്യായ സൻഹിത (ബി.എൻ.എസ്) 105, 118 (1) വകുപ്പുകൾ പ്രകാരമാണ് ചിക്കാടപ്പള്ളി പൊലീസ് സ്റ്റേഷനിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. തിയേറ്ററിന്‍റെ ഉടമകളിലൊരാൾ, സീനിയർ മാനേജർ, ഉൾപ്പെടെ മൂന്ന് പേർ അന്വേഷണത്തിനിടെ അറസ്റ്റിലായി.
രാത്രി 9.30 ഓടെയാണ് താരവും കുടുംബവും തിയേറ്ററില്‍ എത്തിയത്. തുറന്ന ജീപ്പില്‍ താരത്തെ കണ്ടതോടെ ആളുകള്‍ തിക്കിത്തിരക്കി എത്തുകയായിരുന്നു. ആളുകളെ താരത്തിന്റെ സെക്യൂരിറ്റി ടീം മര്‍ദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നു. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്.
ഷോ കാണാൻ അല്ലു അർജുൻ എത്തുമെന്നു വിവരം ലഭിച്ചതോടെ തിയേറ്റർ പരിസരത്തേക്ക് ജനക്കൂട്ടം ഒഴുകിയെത്തി. തിരക്കേറിയതോടെ ആളുകൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. അതിനിടയിൽപ്പെട്ടാണ് സ്ത്രീ മരിച്ചത്.
അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം വീഴ്ചവരുത്തിയതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡി.സി.പി പറഞ്ഞു. അല്ലു അര്‍ജുന്‍ സിനിമയുടെ പ്രീമിയറിന് എത്തുമെന്ന് തിയേറ്റർ മാനേജ്‌മെന്റിന് അറിയാമായിരുന്നെങ്കിലും ഈ വിവരം പൊലീസിനെ അവസാന നിമിഷം മാത്രമാണ് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.