ന്യൂഡൽഹി: പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കക്ക് മാനുഷിക സഹായം നൽകുന്നതിന് കേന്ദ്രസർക്കാറിന്റെ അനുമതി തേടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു.
സംസ്ഥാന സർക്കാർ ശ്രീലങ്കക്ക് മരുന്നുൾപ്പെടെയുള്ള മാനുഷിക സഹായം നൽകാൻ സന്നദ്ധമാണ്. അതിന് കേന്ദ്ര സർക്കാറിന്റെ അനുമതി വേണം. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
ശ്രീലങ്കയിൽ താമസിക്കുന്ന തമിഴർക്ക് ഭക്ഷണവും ജീവൻ രക്ഷാ മരുന്നുകളും എത്തിക്കണം. ശ്രീലങ്കയുടെ കിഴക്കൻ തീരത്തും കൊളംബോയിലുമാണ് ഇവർ കൂടുതലായി താമസിക്കുന്നത്. ശ്രീലങ്കയിലെ തമിഴരോടുള്ള വിവേചനം അവസാനിപ്പിക്കാനും തുല്യമായ പൗരാവകാശങ്ങൾ ഉറപ്പുവരുത്താനും ദ്വീപ് രാജ്യത്തോട് കേന്ദ്രസർക്കാർ നിർദേശിക്കണമെന്നും സ്റ്റാലിൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കൊളംബോ: പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കക്ക് സഹായമായി ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐ.ഒ.സി) ലങ്കൻ അനുബന്ധ സ്ഥാപനം 6,000 മെട്രിക് ടൺ ഡീസൽ നൽകും. വ്യാഴാഴ്ച മുതൽ ലങ്കയിൽ 13 മണിക്കൂറാണ് പവർകട്ട്. '96ൽ വൈദ്യുതി ജീവനക്കാർ പണിമുടക്കിയപ്പോൾ രാജ്യം 72 മണിക്കൂർ വൈദ്യുതിരഹിതമായിരുന്നു. ഈ സംഭവത്തിനുശേഷം ഇത്ര വലിയ തോതിൽ വൈദ്യുതി രാഹിത്യം അനുഭവിക്കുന്നത് ആദ്യമാണ്. കടുത്ത ഇന്ധന ക്ഷാമമാണിപ്പോൾ ശ്രീലങ്കയിൽ. ഈ സാഹചര്യത്തിൽ സർക്കാർ സിലോൺ ഇലക്ട്രിസിറ്റി ബോർഡിനോട് (സി.ഇ.ബി) ഐ.ഒ.സി ഉപസ്ഥാപനമായ എൽ.ഐ.ഒ.സിയിൽനിന്ന് ഡീസൽ വാങ്ങാൻ നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.