വികസിത് ഭാരതിനായി കോടിക്കണക്കിന് പേരിൽനിന്ന് അഭിപ്രായം തേടിയെന്ന് മോദി; രേഖകളില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിലൊക്കെയും മൂന്നാം തവണയും അധികാരത്തിൽ എത്തിയാൽ “വലിയ” തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ വികസിത ഭാരതിനായി നടന്നതായി പറയുന്ന യോഗങ്ങളിൽ ഒന്നിന്‍റെയും ഒരു രേഖയും ലഭ്യമല്ലെന്ന് 'ദി വയർ' റിപ്പോർട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി പറയുന്നത് ആളുകളുമായി കൂടിയാലോചന നടത്തി അവരുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പുതിയ പദ്ധതികൾ ആവിഷ്കരിച്ചെന്നും പഴയവയിൽ മാറ്റങ്ങൾ വരുത്തിയെന്നും പദ്ധതികൾ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നുമാണ്. കൂടിയാലോചനകളില്ലാതെ നോട്ട് നിരോധനം പോലുള്ള പല പ്രധാന തീരുമാനങ്ങളും എടുത്തുള്ളതിനാൽ ഈ കൂടികാഴ്ചകൾ പുതിയ കാര്യമായി തോന്നും. എന്നാൽ നരേന്ദ്ര മോദി പറയുന്ന തരത്തിലുള്ള കൂടിയാലോചനകൾ നടന്നിട്ടുണ്ടെന്ന് കാണിക്കുന്ന രേഖകളൊന്നും പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് ലഭ്യമല്ലെന്നാണ് 'ദി വയർ' റിപ്പോർട്ട് ചെയ്യുന്നത്.

“ഞാൻ ഒരു രൂപരേഖയിൽ പ്രവർത്തിക്കുകയാണ്. 15 ലക്ഷത്തിലധികം ആളുകളിൽ നിന്ന് വ്യത്യസ്ത രീതികളിൽ ഉപദേശം സ്വീകരിച്ചു. ഞാൻ ഇതുവരെ ഒരു പത്രക്കുറിപ്പ് ഇറക്കിയിട്ടില്ല, ഇതാദ്യമായാണ് ഇത് വെളിപ്പെടുത്തുന്നത്' -എന്നാണ് 2024 ഫെബ്രുവരി ഒമ്പതിന് പ്രധാനമന്ത്രി പറഞ്ഞത്. കഴിഞ്ഞ രണ്ട് വർഷമായി 2047 മനസിൽ വെച്ചാണ് പ്രവർത്തിക്കുന്നത്. അതിനായി രാജ്യത്തുടനീളമുള്ള ആളുകളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചോദിച്ചു. വരുന്ന 25 വർഷത്തിനുള്ളിൽ ഇന്ത്യയെ എങ്ങനെ കാണണമെന്ന് 15 ലക്ഷത്തിലധികം ആളുകളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഏപ്രിൽ 15നും പറഞ്ഞു. മെയ് ആറിന് കഴിഞ്ഞ അഞ്ച് വർഷമായി 2047നായി പ്രവർത്തിക്കുന്നെന്നും 20 ലക്ഷത്തിലധികം ആളുകളിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ചെന്നും, കോടിക്കണക്കിന് ആളുകളുമായി കൂടിയാലോചിക്കുകയും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വികസിത് ഭാരത് 2047-ന് വേണ്ടി എണ്ണമറ്റ നിർദ്ദേശങ്ങൾ അയച്ചതിൽ സന്തോഷമുണ്ടെന്ന് ആഗസ്റ്റ് 15നും പ്രധാനമന്ത്രി പറഞ്ഞു.

മോദിയുടെ മേൽനോട്ടത്തിൽ നടത്തി എന്ന് പറയപ്പെടുന്ന കൂടികാഴ്ചകളുടെ ഒരു രേഖകളും ലഭ്യമല്ലെന്നാണ് വിവരാവകാശം ഫയൽ ചെയ്ത ലേഖകൻ പറയുന്നത്. 2005-ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ രണ്ട് (എഫ്)-ൽ അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ നിർവചനത്തിൽ ഇത് ഉൾപ്പെട്ടിട്ടില്ലെന്നാണ് പ്രതികരണം. അതായത്, ലക്ഷക്കണക്കിന് ആളുകളിൽ നിന്ന് നിർദ്ദേശങ്ങൾ തേടി, എല്ലാ സർവകലാശാലകളിലും വിവിധ എൻ.ജി.ഒകളിലും എത്തി, എ.ഐ ഉപയോഗിച്ചു, 2047-ലേക്കുള്ള വിഷൻ ഡോക്യുമെൻ്റ് തയാറാക്കി എന്നൊക്കെ പ്രധാനമന്ത്രി പറയുമ്പോഴും അതിലൊന്നിന്‍റെയും ഒരൊറ്റ രേഖപോലും ലഭ്യമല്ലെന്നാണ് പ്രധാമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നത്.

പ്രധാമന്ത്രി ഒരു മീറ്റിങ് നടത്തിയാൽ അതിന്‍റെ റെക്കോർഡ് ഉണ്ടായിരിക്കുമെന്നും പങ്കെടുക്കുന്നവരുടെ വിശദാംശങ്ങളും രേഖപ്പെടുത്തുമെന്നും മുൻ വിവരാവകാശ കമീഷണർ ശൈലേഷ് ഗാന്ധി പറയുന്നു. പ്രധാനമന്ത്രിയുടെ യോഗങ്ങളുടെയും കൂടിയാലോചനകളുടെയും രേഖകൾ പ്രധാനമന്ത്രിയുടെ ഓഫിസ് നൽകാത്തത് അപകീർത്തികരമാണെന്നും അദ്ദേഹം പറഞ്ഞു.

വിപുലമായ കൂടിയാലോചനകൾക്ക് ശേഷം രാജ്യത്തിൻ്റെ ഭാവിയിലേക്കുള്ള ഒരു രൂപരേഖ തയാറാക്കിയിട്ടുണ്ടെന്ന മോദിയുടെ ആവർത്തിച്ചുള്ള അവകാശവാദങ്ങളിൽ സംശയം ജനിപ്പിക്കുന്നതാണ് വിവരാവകാശ ചോദ്യങ്ങൾക്കുള്ള പ്രധാമന്ത്രിയുടെ ഓഫിസിന്‍റെ പ്രതികരണം. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ അഡീഷണൽ ഡയറക്ടർ ജനറൽ മാട്ടു ജെ. പി സിങ്ങിന് നിരവധി സന്ദേശങ്ങളും ഇമെയിലുകളും അയച്ചിട്ടും പ്രതികരണം ലഭിച്ചില്ലെന്നും 'വയർ' റിപ്പോർട്ട് ചെയ്യുന്നു.

Tags:    
News Summary - Modi's Untraceable Roadmap 2047: '15 Lakh People Consulted', But PMO Has No Papers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.