ന്യൂഡൽഹി: കേന്ദ്രബജറ്റ് ബുധനാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ, വിവിധ മന്ത്രാലയങ്ങളുടെ ബജറ്റ് നിർദേശങ്ങൾ, വിഹിതം എന്നിവ സംബന്ധിച്ച് അന്തിമ ചർച്ചകൾക്കായി പ്രത്യേക മന്ത്രിസഭ യോഗം. മന്ത്രിസഭ പുനഃസംഘടന പരിഗണനയിലുള്ളതിനാൽ, വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തന അവലോകനവും ഇതിനൊപ്പം നടന്നു.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പത്തെ അവസാന സമ്പൂർണ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ഒമ്പത് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകൾ ഇക്കൊല്ലം നടക്കും. ഈ പശ്ചാത്തലത്തിൽ വിവിധ മേഖലകൾക്കുള്ള രാഷ്ട്രീയ പരിഗണനകൾ കൂടി മുൻനിർത്തിയായിരുന്നു മന്ത്രിസഭ യോഗം. മന്ത്രിസഭ പുനഃസംഘടനയിലും ഇത് പ്രതിഫലിക്കും. അതേസമയം, പുനഃസംഘടന സമയം ഇനിയും തീരുമാനിച്ചിട്ടില്ല.
രാവിലെ 10ന് തുടങ്ങി വൈകീട്ടു വരെ നീണ്ട മന്ത്രിസഭ യോഗമാണ് നടന്നത്. പുതുവർഷത്തിലെ ആദ്യ സമ്പൂർണ മന്ത്രിസഭ യോഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിച്ചു. ഫെബ്രുവരി ഒന്നിന് രാവിലെ 11നാണ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്. പാർലമെന്റ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കമാവും. രാഷ്ട്രപതി ദ്രൗപദി മുർമു ലോക്സഭ, രാജ്യസഭ അംഗങ്ങളെ അഭിസംബോധന ചെയ്യും. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ ചൊവ്വാഴ്ച പാർലമെന്റിൽ വെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.