ന്യൂഡൽഹി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിയവരുടെ എണ്ണം നൂറുകോടി കവിഞ്ഞെന്ന അവകാശവാദങ്ങൾക്കിടയിൽ, പ്രായപൂർത്തിയായവരിൽ പകുതി പേർക്കു പോലും വാക്സിൻ നൽകാത്ത നിരവധി സംസ്ഥാനങ്ങൾ. ഇവിടങ്ങളിൽ വാക്സിൻ നൽകുന്നതിെൻറ വേഗം കൂട്ടാൻ പ്രത്യേക യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
മഹാരാഷ്ട്ര, ഝാർഖണ്ഡ്, മണിപ്പൂർ, നാഗാലാൻഡ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയുടെയും 40ൽപരം ജില്ല കലക്ടർമാരുടെയും യോഗമാണ് പ്രധാനമന്ത്രി പ്രത്യേകമായി വിളിച്ചത്. ഇവിടങ്ങളിൽ ഇഴഞ്ഞു നീങ്ങുന്ന വാക്സിനേഷൻ യജ്ഞത്തിന് വേഗം കൂട്ടാൻ മോദി ചില വഴികൾ യോഗത്തിൽ മുന്നോട്ടു വെച്ചു.
വാക്സിനുമായി ആരോഗ്യ പ്രവർത്തകരുടെ ചെറു സംഘങ്ങൾ വീടുവീടാന്തരം കയറണം. ഈ പ്രവർത്തനത്തിൽ നാഷനൽ സർവിസ് സ്കീം, എൻ.സി.സി തുടങ്ങിയ സന്നദ്ധ വിഭാഗങ്ങളുടെയും സമുദായ നേതാക്കളുടെയും സഹായം തേടണം. ആദ്യ ഡോസിെൻറ കാര്യത്തിലെന്ന പോലെ, രണ്ടാമത്തെ ഡോസിനും തുല്യപ്രാധാന്യം നൽകണം. കോവിഡ് വ്യാപനം കുറഞ്ഞതു കൊണ്ട് വാക്സിൻ എടുക്കുന്നത് അത്യാവശ്യമല്ലെന്ന തോന്നൽ ജനങ്ങൾക്കുണ്ടെന്ന് മോദി കൂട്ടിച്ചേർത്തു.
വാക്സിനേഷൻ നൂറുകോടി കവിഞ്ഞത് സർക്കാർ ആഘോഷമാക്കിയത് ഈയിടെയാണ്. വാക്സിനേഷനിലെ ഇന്ത്യൻ മുന്നേറ്റം വിദേശയാത്ര വേളയിൽ മോദി ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു. നൂറുകോടി വാക്സിൻ നൽകിയെന്ന സർക്കാർ അവകാശവാദങ്ങൾ നിലനിൽക്കേ, 130 കോടി വരുന്ന ജനസംഖ്യയിൽ രണ്ടു ഡോസും കിട്ടിയവരുടെ എണ്ണം 30 കോടി മാത്രമാണെന്നാണ് കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.